ഇസ്ലാമാബാദ്: പാകിസ്താന്റെ അനിയന്ത്രിതമായ കടമെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം കൊടുക്കാന്‍ പോലും സംവിധാന മില്ലാത്ത ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രാജ്യത്തെ പതനത്തിലേക്കാണ് നയിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദാണ് നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരാതി പരിഗണിക്കവേ ഇമ്രാന്‍ഖാന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രാജ്യത്തെ പല മേഖലയിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ ജീവനക്കാരെ കുത്തി നിറച്ചിരിക്കുകയാണ്. ഖൈബര്‍ പഖ്തൂണ്‍ഖ്വായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്ക് അമ്ബരപ്പിക്കുന്നതാണെന്നും ആ പ്രവിശ്യയിലെ മൊത്തം വരുമാനം പോലും ശമ്ബളം കൊടുക്കാന്‍ തികയില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. മുന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഫസല്‍ മുഖ്താറാണ് സര്‍ക്കാര്‍ സംവിധാനത്തിനെതിരെ പരാതിയുമായി എത്തിയത്. ഔദ്യോഗിക കാലഘട്ടത്തില്‍ ഒരു തവണയും ശമ്ബളം സമയത്ത് ലഭിച്ചിട്ടില്ലെന്നും നിലവില്‍ പെന്‍ഷനും ലഭിക്കുന്നില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഒരു രാജ്യം സ്വയം വരുമാനമുണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടാതെ എത്രനാള്‍ കടംവാങ്ങി നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. നിലവിലുള്ള കടം എങ്ങനെയാണ് തിരിച്ചടക്കുന്നതെന്നും അതിന്റെ കണക്കും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കോടതി പറഞ്ഞു.
