ന്യൂഡല്‍ഹി : പീഡനക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . രോഹ്തകിലെ പി.ജി.ഐ.എം.എസില്‍ നടത്തിയ പരിശോധനക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്ക് തന്നെ തിരിച്ചെത്തിച്ചു.
“ഗുര്‍മീതിന്റെ ആരോഗ്യ നില ഗുരുതരമല്ല. പരിശോധിക്കുകയും സി.ടി സ്കാന്‍ ചെയ്യുകയുമുണ്ടായി. പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു -അധികൃതര്‍ വ്യക്തമാക്കി .
അതെ സമയം ഇത് രണ്ടാം തവണയാണ് ഗുര്‍മീതിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. രണ്ടാഴ്ച മുമ്ബ് ഇതേ ആശുപത്രിയില്‍ ഗുര്‍മീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രക്ത സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിച്ചിരുന്നു.
ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദേരാ സച്ച സൗദ ‘വിഭാഗത്തിന്റെ 53 കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് തടവിലാക്കപ്പെട്ടത് . 2017 മുതല്‍ റോഹ്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
