ന്യൂഡല്‍ഹി: ഇന്ത്യക്ക് കോവിഡ് വാക്സിന് നല്കാന് സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക. ഗ്ലോബല്‍ വാക്സിന് പങ്കുവെക്കല്‍ നയതന്ത്രത്തിന്റെ ഭാഗമായാണ് അമേരിക്ക ഇന്ത്യക്ക് വാക്സിന് നല്‍കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ച് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് 25 മില്യണ്‍ വാക്സിന് ഡോസുകളാണ് അമേരിക്ക ലോകരാജ്യങ്ങളുമായി പങ്കുവെക്കുക. കരീബിയന്‍ രാജ്യങ്ങള്‍, മെക്സിക്കോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങള്‍ക്കും ഈ നയതന്ത്രത്തിന്റെ ഭാഗമായി വാക്സിന് നല്‍കുമെന്നും കമല പറഞ്ഞു. ഈ രാജ്യങ്ങളുടെ നേതാക്കളുമായും കമല ഹാരിസ് ടെലിഫോണില്‍ സംസാരിച്ചു.
ഏതാണ്ട് 80 മില്യണ്‍ വാക്സിന് ഡോസുകള്‍ ഈ മാസം അവസാനത്തോടെ തന്നെ ലോകരാജ്യങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് ബൈഡന്-ഹാരിസ് ഭരണകൂടം ഉദ്ദേശിക്കുന്നത്.
കമല ഹാരിസിനും യു.എസ് ഭരണകൂടത്തിന്റെ ഇന്ത്യയോടുള്ള കരുതലിനും പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. മഹാമാരിയുടെ ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് കമല ഹാരിസിനെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
