ജോലിസമയത്ത് നഴ്സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കിയ ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ആശുപത്രി അധികൃതരുടെ സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആശുപത്രി അധികൃതര്‍ ഉത്തരവ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നഴ്സസ് യൂനിയനും ആവശ്യപ്പെട്ടു. തൊഴില്‍ സമയത്ത് നഴ്സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതര്‍ മലയാളത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കുലറിനെതിരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഉള്ള മലയാളി നഴ്സുമാര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
