വയനാട് മുട്ടില്‍ മരം കൊള്ളയിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രന്‍. റവന്യൂ വകുപ്പിന്‍റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് കൈയൊഴിയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുറന്നടിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്താണ് മരംവെട്ട് നടന്നതെന്ന വനംമന്ത്രിയുടെ വാദം സഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
കേസിലെ പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന്പി.ടി തോമസ് എം.എല്‍.എയും ആരോപിച്ചു. കോടതിമേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം വനം കൊള്ളയെ സര്‍ക്കാര്‍ നിസാരവല്‍കരിക്കുന്നതായും കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
