ജോധ്പുര്‍ : ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി അധ്യാപകന്‍. ജോധ്പൂര്‍ ജില്ലയിലെ ഷേര്‍ഗഢ് സബ് ഡിവിഷനിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തറിയുന്നത്.
ഡോക്ടര്‍മാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതോടെയാണ് കുട്ടി അധ്യാപകനില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തക്കുറിച്ച് രക്ഷിതാക്കളോട് വിവരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ തന്നെ ക്ലാസ് മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. മറ്റൊരു അധ്യാപകനായ സഹിറാം ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോള്‍ ഒളിവിലാണ്. വിവരം പുറത്തുപറയരുതെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.
