കേരള ബിജെപിയില്‍ അടിമുടി മാറ്റം വേണം; അഴിമതിയില്‍ മുങ്ങിയ നേതൃത്വം മാറണമെന്നും റിപ്പോര്‍ട്ട്‌

കേരളത്തിലെ ബിജെപിയില്‍ അടിമുടി മാറ്റം വേണമെന്നും അഴിമതിയില്‍ മുങ്ങിയ നിലവിലെ നേതൃത്വം മാറണമെന്നും നിര്‍ദ്ദേശം . പ്രധാനമന്ത്രി മോഡിയുടെ നിര്‍ദേശപ്രകാരം സ്വതന്ത്ര നിരീക്ഷകര്‍ നല്‍കിയ നിര്‍ദേശങ്ങളിലാണ് അടിമുടി മാറ്റം ആവശ്യപ്പെടുന്നതെന്ന് വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയവും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും കള്ളപ്പണക്കേസുമടക്കമുള്ള സാഹചര്യത്തിലാണ് മോഡി നേരിട്ട് സ്വതന്ത്ര നിരീക്ഷകരെ നിയമിച്ചത്.

പാര്‍ട്ടിയില്‍ അഴിമതി വ്യാപകമാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് വി മുരളീധരനുള്‍പ്പടെ ഉത്തരവാദിത്തമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരന്‍ പെരുമാറുന്നത്. നേതാക്കളുടെ പ്രവര്‍ത്തനവും വിലയിരുത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാന്‍ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തില്‍ ബൂത്തുതലത്തില്‍ തെരഞ്ഞെടുപ്പ് വേണമെന്നുമാണ് നിര്‍ദേശം.സി വി ആനന്ദബോസ്, ഇ ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവരെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപെടുത്തിയിരുന്നത്.

അതേസമയം മുന്നേറാനുള്ള അവസരമുണ്ടായിട്ടും പാര്‍ടിയെ തകര്‍ത്ത സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കൂട്ടരും വിഷയം ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശം. കെ സുരേന്ദ്രന്‍ പാര്‍ടിയെ തകര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണ്. ചര്‍ച്ച ചെയ്യാന്‍ ധൈര്യം കാണിക്കണം. പ്രവര്‍ത്തകരില്‍നിന്ന് നേതൃത്വം ഒളിച്ചോടുന്നതെന്തിനെന്ന ചോദ്യവുമുയര്‍ന്നു.
സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനായല്ലാതെ ചേര്‍ന്ന് പരാജയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവുമുയര്‍ന്നു. പ്രധാന നേതാക്കള്‍ തിരുവനന്തപുരത്തും മറ്റുള്ളവര്‍ ജില്ലകളില്‍ ഓണ്‍ലൈനായുമാണ് എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കെ സുരേന്ദ്രനെ പിന്തുണച്ച്‌ പി കെ കൃഷ്ണദാസ് പ്രമേയം അവതരിപ്പിച്ചു. 255 അംഗ സംസ്ഥാന എക്സിക്യൂട്ടീവില്‍ നൂറ്റമ്ബതോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ദേശീയ ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ യോഗം ഉദ്ഘാടനംചെയ്തു. ശോഭാ സുരേന്ദ്രന്‍ പക്ഷം വിട്ടുനിന്നു

Leave a Reply

Your email address will not be published. Required fields are marked *