ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ വിപുലീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി രംഗത്ത് . മന്ത്രിമാരുടെ എണ്ണമാണ് വര്‍ധിച്ചതെന്നും കോവിഡ് പ്രതിരോധ വാക്സിനുകളുടേതല്ല എന്നുമായിരുന്നു രാഹുല്‍ ചൂണ്ടിക്കാട്ടിയത് .
‘വാക്സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കൂടാതെ രാജ്യത്തെ വാക്സിനേഷന് നിരക്ക് സംബന്ധിച്ച കണക്കും ട്വീറ്റില്‍ പങ്കുവെച്ചു.
രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗം ഒഴിവാക്കുന്നതിന് ഡിസംബറോടെ 60 ശതമാനം പേരും വാക്സിന് സ്വീകരിക്കണം. ഇതിനായി 88 ലക്ഷം പേര്‍ക്ക് പ്രതിദിനം വാക്സിന് നല്‍കണം. എന്നാല്‍ ഇന്ത്യയില്‍ പ്രതിദിനം ഇത്രപേര്‍ക്ക് നിലവില്‍ വാക്സിന് നല്‍കുന്നില്ല. വാക്സിന് വിതരണത്തിലെ ഈ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.
ശനിയാഴ്ച 37 ലക്ഷം പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. അതായത് 51 ലക്ഷത്തിന്‍റെ കുറവ്. കഴിഞ്ഞ ഏഴുദിവസത്തെ കണക്കുകളിലും ഇത്തരം കുറവ് കാണാന്‍ സാധിക്കുമെന്നും രാഹുല്‍ പങ്കുവെച്ച ചാര്‍ട്ടില്‍ പരാമര്‍ശിക്കുന്നു .
36 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ ഈ വിമര്‍ശനം. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78 ആയി ഉയര്‍ന്നു . 81 ആണ് കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്ന മന്ത്രിമാരുടെ പരമാവധി എണ്ണം.
