ബാഗ്ദാദ്: ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. 52 രോഗികള്‍ വെന്തു മരിച്ചു.
നസ്‌രിയയിലുള്ള അല്‍ ഹുസൈന്‍ ആശുപത്രിയുടെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. 67 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 70- ബെഡുകളാണ് വാര്‍ഡിലുണ്ടായിരുന്നത്.
ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു.
പൊള്ളലേറ്റാണ് രോഗികള്‍ മരിച്ചതെന്നും തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക ആരോഗ്യ അതോറിറ്റി വക്താവ് ഹൈദര്‍ അല്‍സമിലി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ദുരന്തത്തിന്റെപശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മന്ത്രിമാരുടെയും സെക്യൂരിറ്റി കമാന്‍ഡര്‍മാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദിലും സമാനമായ ദുരന്തമുണ്ടായിരുന്നു. കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് 82 പേരാണ് മരിച്ചത്. കൊവിഡ് ഐസിയുവിലെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
