തൃശ്ശൂരില്‍ ഇന്ന് പെണ്‍പുലികളും ഇറങ്ങും

തൃശൂര്‍: ശക്തന്റെ നാട്ടിലെ വഴികളിലൂടെ ഇതാദ്യമായി പെണ്‍പുലികള്‍ ചുവടുവെക്കാനെത്തുന്നു. തൃശൂരിന്റെ പുലിക്കളി ചരിത്രത്തിലേക്ക് പെണ്‍പുലികളേയും കൊണ്ടുചുവടുവെച്ചു നീങ്ങാന്‍ ഒരുങ്ങുന്നത് വിയ്യൂര്‍ ദേശമാണ്. എന്നും പുതുമകള്‍ സമ്മാനിക്കുന്ന വിയ്യൂര്‍ ദേശം ഇക്കുറി പെണ്‍പുലികളെ ഇറക്കിയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വിമെന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് എന്ന സംഘട നയുടെ ബാനറിലാണ് പെണ്‍പുലികള്‍ എത്തുന്നത്. മൂന്നു പെണ്‍പുലികളാണ് വിയ്യൂര്‍ ടീമിന്റെ ആണ്‍പുലികള്‍ക്കൊപ്പമുണ്ടാവുക. രാമവര്‍മപുരം കേരള പോലീസ് അക്കാഡമയിിലെ എഎസ്‌ഐ വിനയ, മലപ്പുറം പുല്ലംകോട് സ്‌കൂളിലെ അധ്യാപിക ദിവ്യ, ഫാഷന്‍ ഡിസൈനറായ കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലികളാകാന്‍ ഒരുങ്ങുന്നത്. പുള്ളിപ്പുലിയായി വിനയ മാറുമ്പോള്‍ വരയന്‍ പുലികളായിട്ടാകും മറ്റു രണ്ടുപേരും അണിഞ്ഞൊരുങ്ങുക. പുരുഷന്‍മാര്‍ മാത്രം പുലിവേഷം കെട്ടുന്ന തൃശൂരിലെ പുലിക്കളിക്ക് മൂന്നു പെണ്ണുങ്ങള്‍ പുലിവേഷം കെട്ടാനെത്തുമ്പോള്‍ അത്ഭുതവും ആകാംക്ഷയും സംശയങ്ങളും ഏറെയാണ്. പുലിക്കളിക്കായി പുലികളായി മാറാന്‍ പ്രത്യേകം വസ്ത്രം തയ്ച്ചിട്ടുണ്ടെങ്കിലും പുരുഷാന്മാര്‍ക്കെന്ന പോലെ പെയിന്റ് ഉപയോഗിച്ചുള്ള ചായം തേച്ച് തന്നെയാണ് ഇവരും പുലികളാവുന്നത്. വിയ്യൂര്‍ സ്വദേശി കളായ ശ്രീദേവിയും ഷീലയുമാണ് ഇവരെ അണിയിച്ചൊരുക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സ്‌പ്രേ പെയിന്റും സാധാരണ പുലി നിറങ്ങള്‍ക്ക് പുറമെയായി ഉപയോഗിക്കും. വിയ്യൂര്‍ ദേശത്തിന്റെ 48 പുലിവീരന്മാര്‍ക്കൊപ്പം പെണ്‍പുലികളും രംഗത്തിറങ്ങുന്നതോടെ ടീമിന്റെ പുലികള്‍ അക്ഷരാര്‍ഥത്തില്‍ പുപ്പുലികളായി മാറും. വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന വിമെന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് വിംഗ്‌സിന്റെ സംസ്ഥാന പ്രസിഡന്റാണ് വിനയ. സെക്രട്ടറിയാണ് ദിവ്യ. കോഴിക്കോട് ജില്ലയിലെ വിംഗ്‌സിന്റെ ഭാരവാഹിയാണ് സക്കീന. കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കാനായിരുന്നു താത്പര്യമെങ്കിലും അതു സാധിച്ചില്ല. പങ്കെടുപ്പിക്കാമെന്ന് പറഞ്ഞവര്‍ അവസാന നിമിഷം കാലുമാറുകയും പിന്നീടാലോചിക്കാമെന്ന് പറഞ്ഞ് മുങ്ങുകയും ചെയ്തതോ ടെ ഈ പെണ്‍പടയ്ക്ക് വാശിയായി. പിന്നെയവര്‍ കുമ്മാട്ടി മോഹം വെടിഞ്ഞ് പുലികളായി മാറി. കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കു ന്നതിനായി 20 ഓളം വനിതകള്‍ തയാറായിരുന്നുവത്രെ. എന്നാല്‍ അവസാന നിമിഷത്തില്‍ കുമ്മാട്ടി ക്കളിക്കാര്‍ വനിതകളെ തങ്ങള്‍ക്കു പങ്കെടുപ്പിക്കാനാവില്ലെന്ന് കൈമലര്‍ത്തുകയും അടുത്തവര്‍ഷം നോക്കാമെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തെങ്കിലും ആ അവഗണന അപമാനമായി തോന്നി യതുകൊണ്ടാണ് ഇത്തവണ തന്നെ പുലിക്കളിയില്‍ ഒരു ചുവടുവക്കാമെന്ന് ഇവര്‍ നിശ്ചയിച്ചത്. തുടര്‍ന്ന് വിയ്യൂര്‍ ടീമിനെ സമീപിച്ച് പുലിക്കളിയില്‍ പങ്കാളികളാക്കാന്‍ പറ്റുമോ എന്ന് ചോദിക്കുകയും അങ്ങിനെ പുലിക്കളി ടീമില്‍ ഇവരെ ഉള്‍പ്പെടുത്തുകയുമായിരുന്നു. വലിയ തയാറെടുപ്പെന്നും ചെയ്യാതെയാണ് വിനയയും കൂട്ടരും പുലികളാകുന്നത്. പുലിവേഷം കെട്ടാന്‍ തീരുമാനിച്ചതോടെ യു ട്യൂബിലും മറ്റും പുലിക്കളി ധാരാളം കണ്ടു. ചുവടുകള്‍ പഠിച്ചു. സീനിയര്‍ പുലികളുടെ വാക്കുകള്‍ ഉപദേശങ്ങളായി. പുലിക്കളി മത്സരമായതിനാല്‍ വനിതകള്‍ പങ്കെടുക്കുന്നതുകൊണ്ട് നിയമതടസമില്ലെന്ന് ടീം അധികൃതര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി അടിസ്ഥാനപരമായി ഒരു കലാരൂപമാണെന്നും പൊതു ഇടങ്ങളും പൊതുവായ ആഘോഷങ്ങളും സ്ത്രീകളുടേതുകൂടിയാക്കി മാറ്റുകയെന്നതാണ് പുലിക്കളിയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പുലിവേഷം കെട്ടുന്ന ദിവ്യ പറയുന്നു. സ്ത്രീപക്ഷ കേരളം ഉറപ്പു നല്‍കുന്ന സര്‍ക്കാര്‍ പുലിക്കളി പോലുള്ള കലാരൂപങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടത് ആവശ്യമാണെന്നാണ് ഇവരുടെ പക്ഷം. സ്ത്രീയെ വേറിട്ട സമൂഹം ആക്കാതിരിക്കാനുള്ള ശ്രമമാണ് വിംഗ്‌സ് നടത്തുന്നത്. അതിനുള്ള താളാത്മകമായ ചുവടുവപ്പാണ് തൃശൂരിന്റെ പുലിക്കളിയിലൂടെ ഇവര്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *