ശ്രീനഗര്‍: സിം കാര്‍ഡ് വേണ്ടാത്ത മൊബൈല്‍ ഫോണ്‍. ടവറിന്റെ സഹായമില്ലാത്ത വിളികള്‍ രഹസ്യാന്വേഷകരുടെ കണ്ണ് വെട്ടിച്ച് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നത് ഇങ്ങനെ. ഫോണ്‍ സംഭാഷണം ചോര്‍ത്തി നുഴഞ്ഞുകയറ്റം തടഞ്ഞിരുന്ന കാലം കഴിഞ്ഞെന്ന് സേന തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ മാസം അതിര്‍ത്തിക്കടുത്ത ഗ്രാമമായ റാഫിയബാദില്‍ നിന്ന് പിടികൂടിയ സജ്ജാദ് അഹമ്മദ് എന്ന പാക് ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് സേന അറിയുന്നത്. സ്മാര്‍ട്ട് ഫോണില്‍ നിന്നുള്ള സന്ദേശം വെരി ഹൈ ഫ്രീക്വന്‍സി തരംഗങ്ങളാക്കി റേഡിയോ വഴി മറ്റു ഭീകരര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മൊബാല്‍ തരംഗങ്ങള്‍ വിലക്കിയിട്ടുള്ള അതിര്‍ത്തിയിലെ നിയന്ത്രണ രേഖ കടക്കുമ്പോഴും ഇന്ത്യക്കുള്ളിലെത്തിയാലും സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ ഭീകരര്‍ക്ക് സന്ദേശം കൈമാറാന്‍ കഴിയുന്നുണ്ട്. പര്‍വ്വതങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നു.ഓഗസ്റ്റ് 27ന് പിടിയിലായ അബു സുഹൈബാണ് സാങ്കേതി സംവിധാനങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. സുഹൈബില്‍ നിന്ന് സ്മാര്‍ട്ട് ഫോണും റേഡിയോയും പിടികൂടിയിരുന്നു.
