ശ്രീനഗര്‍: ഞായറാഴ്ച വടക്കന്‍ കശ്മീരിലെ ഉറി സേനാക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഗുരുതര പരിക്കേറ്റ മൂന്നു ജവാന്മാരാണ് ഇന്നു രാവിലെ മരിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 30 ഓളം ജവാന്മാര് ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച 17 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
സേനാക്യാമ്പിനുള്ളില്‍ ഇരച്ചുകയറിയ സായുധരായ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടനത്തില്‍ ടെന്റുകള്‍ക്ക് തീപിടിച്ചാണ് കൂടുതല്‍ സൈനികരും മരിച്ചത്. തീപിടിച്ച ടെന്റില്‍ നിന്ന് അടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു. ഒരു യൂനിറ്റിന് പകരം സൈന്യത്തിന്റെ അടുത്ത യൂനിറ്റ് ചാര്‍ജെടുക്കുന്ന കമാന്‍ഡ് മാറ്റ സമയത്തായിരുന്നു ആക്രമണം.
നിയന്ത്രണരേഖക്കടുത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന സേനാ താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട കനത്ത പോരാട്ടത്തില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരെയും സൈന്യം വധിച്ചു.
സലാമബാദ് ഭാഗത്തുകൂടി നുഴഞ്ഞുകയറിയ ജയ്ശെമുഹമ്മദ് ഭീകരരാണ് ഉറി ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
