വ്യാജ ഇന്‍ഷുറന്‍സ് പോളിസി: തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍:വ്യാജ ഇന്‍ഷുറന്‍സ് പോളിസി നിര്‍മിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടൂംബനൂര്‍ നേമം ശക്തി ഇല്ലം വിപിന്‍ ലൂയിസ് (35) ആണ് അറസ്റ്റിലായത്. വടുതലയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോവിഡ് കാലത്ത് കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക കുറവ് ചെയ്ത് വന്‍ തോതില്‍ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് കൊടുത്ത് ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് ക്ലെയിം ലഭിക്കുന്നതിന് പരുക്ക് പറ്റിയയാള്‍ എം.എ.സി.ടി യില്‍ കൊടുത്ത അപേക്ഷയില്‍ എതിര്‍കക്ഷി വാഹനത്തിന് വേണ്ടി ഹാജരാക്കിയ ടാറ്റ എ.ഐ.ജി കമ്പനിയുടെ ഇന്‍ഷൂറന്‍സ് പോളിസി എം.എ.സി.ടി കോടതി ടാറ്റാ കമ്പനിക്ക് അയച്ചു കൊടുത്തിരുന്നു.
ടാറ്റാ കമ്പനിക്കാര്‍ ഇത് പരിശോധിച്ചപ്പോള്‍ ഇപ്രകാരമുള്ള ഇന്‍ഷൂറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ലെന്ന് മനസ്സിലായി. ഇതു സംബന്ധിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ലീഗല്‍ വിഭാഗം തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അന്വേഷണത്തിനിടെ ഓട്ടോറിക്ഷക്ക് ടാറ്റാ കമ്പനിയുടെ ഇന്‍ഷുറന്‍സ് പോളിസി കൊടുത്ത മിണാലൂര്‍ സ്വദേശിയായ പ്രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിലെ കൂടുതല്‍ കഥകള്‍ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *