‘ഭരണമുള്ളതു കൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്, ഇല്ലെങ്കില്‍ മുണ്ടും മടക്കിക്കുത്തിയിറങ്ങും’: എം.എം. മണി

ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മന്ത്രിയും, എം.എല്‍.എയുമായ എം.എം. മണി. ഭരണമുള്ളതു കൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നതെന്നും അല്ലെങ്കില്‍ വി.ഡി. സതീശനെ നേരിടാന്‍ തങ്ങള്‍ മുണ്ടും മടക്കികുത്തിയിറങ്ങുമെന്നും എം.എം. മണി പറഞ്ഞു.

മുഖ്യമന്ത്രിയുടെ രോമത്തില്‍ തൊടാന്‍ പോലും ഒരുത്തനെയും അനുവദിക്കില്ലെന്നും പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പാര്‍ട്ടിക്ക് അറിയാമെന്നും മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വര്‍ണക്കള്ളക്കടത്തുകാരിയെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നത് പോലെയാണ് അവതരിപ്പിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ആര്‍.എസ്.എസ്,​ യു.ഡി.എഫ്, ബി.ജെ.പി ഗൂഢാലോചനയാണ്,’ എം.എം. മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *