തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.തുടര്‍ന്ന് പൊലീസെത്തി ലാത്തിവീശുകയും ചില എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിന്നീട് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
