പലാന്‍പുര്‍(ഗുജറാത്ത്): വീണ്ടും രാജ്യത്ത് ദളിതര്‍ക്കു നേരെ പശു സംരക്ഷകരുടെ ആക്രമണം. ചത്ത പശുവിനെ നീക്കാന്‍ തയാറാകാതെയിരുന്ന ദളിത് കുടുംബത്തെ പശു സംരക്ഷകര്‍ ആക്രമിച്ചു. ഗര്‍ഭിണി ഉള്‍പ്പെടെയുള്ള ആറു പേരാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ബനസ്കന്തയില്‍ കാര്ജയിലായിരുന്നു സംഭവം.
നിലേഷ് റണവാസിയ (25) ഇയാളുടെ ഗര്‍ഭിണിയായ ഭാര്യ സംഗീത എന്നിവരെയും മറ്റ് അഞ്ചു പേരെയുമാണ് ആക്രമിച്ചത്. ദര്‍ബാര്‍ വിഭാഗത്തില്‍പെട്ട പത്തോളം ആളുകളാണ് ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബട് വര്‍സിന്‍ ചൗഹാന്, മന്‍കുന്‍സിന്‍ ചൗഹാന്, യോഗിസിന്‍ ചൗഹാന്, ബാബര്‍സിന്‍ ചൗഹാന്, ദിവിര്‍സിന്‍ ചൗഹാന്, നരേന്ദ്രസിന്‍ ചൗഹാന് എന്നിവരാണ് അറസ്റ്റിലായത്.
ചത്ത പശുവിനെ മറവ് ചെയ്യണമെന്ന് ബട് വര്‍സിന്‍ ചൗഹാന് നിലിഷിനോടും സംഗീതയോടും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ആ ജോലി ഇനി ചെയ്യില്ല എന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. ഗര്‍ഭിണിയായ സംഗീതയുടെ വയറിന് ആഘാതമേറ്റു. ഗുരുതര പരിക്കേറ്റ സംഗീതയെ പലാന്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
