വയനാട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്‌എഫ്‌ഐ നടപടി അത്യധികം പ്രതിഷേധാര്‍ഹവും നീചവുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
കേരളത്തില്‍ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എസ്‌എഫ്‌ഐ ഇപ്പോള്‍ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്. സിപിഎമ്മിന്റെ ഈ പ്രവര്‍ത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ശ്രീ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ച എസ് എഫ് ഐ നടപടി അത്യധികം പ്രതിഷേധാര്‍ഹവും നീചവുമാണ്. മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള നിരന്തരമായ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ രാഹുലിനെ സംഘപരിവാരം അധികാരത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച് തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇത് വ്യക്തമാക്കിത്തരുന്നുണ്ട്.
കേരളത്തില്‍ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐകാരെ ഉപയോഗിച്ച് തകര്‍ത്തത്. വിദ്യാഭ്യാസ മേഖലയില്‍ നിരന്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഒരു നിഴലായിപോലും കാണാനില്ലാത്ത എസ് എഫ് ഐ ഇപ്പോള്‍ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്.
സിപിഎമ്മിന്റെ ഈ പ്രവര്‍ത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ഈ അക്രമത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ ജോസഫും പറഞ്ഞു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനുണ്ടായ വീഴ്ച മറച്ചുവയ്ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
