വാഷിംഗ്ടണ്‍: യുഎസില്‍ ഷോപ്പിംഗ് മാളില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. ഓക് ഹാര്‍ബര്‍ സ്വദേശി അര്‍കാന്‍ സെറ്റിന്‍ (20) ആണ് പിടിയിലായത്. നേരത്തെ അക്രമിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടാനായത്.
സിയാറ്റിലില്‍നിന്നു 100കിലോമീറ്റര്‍ അകലെ ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് മാളില്‍ കടന്നു ചെന്ന അക്രമി നാലു സ്ത്രീകളെയും ഒരു പുരുഷനെയും വെടിവച്ചുവീഴ്ത്തുകയായിരുന്നു.
ഷോപ്പിംഗ്മാളിലെ മേസിസ് ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറിന്റെ മേക്കപ്പ് വിഭാഗത്തിലാണു വെടിവയ്പ് നടന്നത്. സ്ത്രീകള്‍ നാലുപേരും ഉടന്‍ മരിച്ചു. പുരുഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതു ഭീകരാക്രമണമാണെന്നതിനു യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.
