മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു

മലപ്പുറം: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തിയതോടെ ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി നടന്ന നീന്തല്‍ പ്രാവീണ്യ പരിശോധന തടസ്സപ്പെട്ടു. ആയിരത്തിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഓരോ കേന്ദ്രങ്ങളിലേക്കും എത്തിയത്. ഇതില്‍ നാലില്‍ ഒന്ന് വിദ്യാര്‍ത്ഥികള്‍ക്കും പോലും നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. തിക്കും തിരക്കും കാരണം പലപ്പോഴും നിയന്ത്രണം വിട്ടു. രാവിലെ ഏഴുമണിക്ക് എത്തിയവര്‍പോലും സര്‍ട്ടിഫിക്കറ്റില്ലാതെയാണ് വീട്ടിലേക്ക് മടങ്ങിയത്. മണിക്കൂറുകളോളം വരി നിന്ന് ക്ഷീണിച്ച പലരും കുഴഞ്ഞു വീണു. മലപ്പുറത്ത് പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകനെ പോലീസ് ലാത്തികൊണ്ട് കുത്തിയതായി പരാതി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഷഹബാസിനെ സ്‌റ്റേഷനില്‍ നിന്നും കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ നാലു കേന്ദ്രങ്ങള്‍ പോരെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നുമുള്ള എംഎസ്എഫിന്റെ അടക്കം ആവശ്യത്തെ ധിക്കരിച്ചും വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചും മുന്നോട്ടുപോയ സ്‌പോട്‌സ് കൗണ്‍സിലിന് ആദ്യദിനം തന്നെ പണികിട്ടി. മലപ്പുറം മേല്‍മുറി മുനിസിപ്പല്‍ നീന്തല്‍കുളം, പെരിന്തല്‍മണ്ണ കക്കൂത്ത് സില്‍വര്‍ മൗണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നീന്തല്‍കുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീന്തല്‍കുളം, തറക്കല്‍ നീന്തല്‍കുളം പൊല്‍പ്പാക്കരഎടപ്പാള്‍ എന്നീ നാലു കേന്ദ്രങ്ങളിലാണ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ അവസരം ഒരുക്കിയത്. ഒരു ദിവസം ഓരോ ബ്ലോക്ക് പഞ്ചായത്തിലേയും മുനസിപ്പാലിറ്റിയിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഇന്നലെ മുതല്‍ 30 വരെയാണ് സമയം. കുട്ടികള്‍ കൂട്ടത്തോടെ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ ആദ്യദിനം തന്നെ സ്‌പോട്‌സ് കൗണ്‍സില്‍ ആസൂത്രണമെല്ലാം പാളി. അരീക്കോട് ബ്ലോക്കിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാവിലെ നീന്തല്‍ പ്രാവീണ്യം തെളിയിക്കുന്നതിന് സ്‌പോട്‌സ് കൗണ്‍സില്‍ തയ്യാറാക്കിയ കേന്ദ്രമായ മേല്‍മുറിയിലെ മുനിസിപ്പല്‍ നീന്തല്‍കുളത്തിലെത്തിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ രാാവിലെ ഏഴുമണിക്ക് തന്നെ കേന്ദ്രത്തിലെത്തിയിരുന്നു. അനിയന്ത്രിതമായി തിരക്ക് ആയതോടെ രാവിലെ 11.30 ഓടെ ടോക്കണ്‍ കൊടുക്കുന്നത് നിര്‍ത്തി. കേന്ദ്രങ്ങളിലെത്തിയ നാലില്‍ ഒന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭിച്ചില്ല. ഇതോടെ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദൂരദിക്കുകളില്‍ നിന്നുപോലും വന്നവരാണെന്നും ചായപോലും കുടിക്കാതെ മണിക്കൂറുകളോളം വരിനിന്നെന്നുമെല്ലാം പറഞ്ഞു വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചു. മലപ്പുറത്ത് ഒന്നര മണിക്കൂറോളം ദേശീയ പാത വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. ഇതിനിടെ പോലീസ് എത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രശ്‌നം രൂക്ഷമായതോടെ സ്‌പോട്‌സ് കൗണ്‍സില്‍ അധികൃതര്‍ സ്ഥലത്തുനിന്നും മുങ്ങിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തിലുള്ള എംഎസ്എഫ് നേതാക്കള്‍ എത്തി സ്‌പോട്‌സ് കൗണ്‍സില്‍ അധികൃതരോട് ചര്‍ച്ച ചെയ്തതോടെയാണ് വിദ്യാര്‍ത്ഥികള്‍ അടങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി.സുരേഷ് എംഎസ്എഫ് നേതാക്കള്‍ക്ക് എഴുതി നല്‍കിയ ഉറപ്പിന്മേലാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്. അരീക്കോട് ബ്ലോക്കില്‍ നിന്നും വന്ന കുട്ടികള്‍ക്ക് അരീക്കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ നീന്തല്‍ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇത് അരീക്കോട് ബ്ലോക്കിന്റെ മാത്രം പ്രശനമല്ലെന്നും ജില്ലയിലെ നിലവിലുള്ള കേന്ദ്രങ്ങള്‍ അപര്യാപ്തമാണെന്നും കൂ
ടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുകയല്ലാതെ രക്ഷയില്ലെന്നും എംഎസ്എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സെക്രട്ടറിയാണ് തീരുമാനം എടുക്കണ്ടതെന്ന് പറഞ്ഞതോടെ നേതാക്കള്‍ നേരെ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസിലെത്തി. എന്നാല്‍ സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. ഓഫീസ് പുറത്തുനിന്നും പൂട്ടി എംഎസ്എഫ് നേതാക്കള്‍ മുദ്രാവാക്ക്യം വിളിച്ചതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി, മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് അഖില്‍കുമാര്‍ ആനക്കയം, ജനറല്‍ സെക്രട്ടറി അഡ്വ.ജസീല്‍ പറമ്പന്‍, മലപ്പുറം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് റംസാന്‍ കാട്ടുങ്ങല്‍, സെക്രട്ടറി ഹബീബ് അധികാരത്തൊടി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *