രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ സതീശന്‍ വിഭ്രാന്തി കാണിക്കുന്നു: ഇ പി ജയരാജന്‍

കോഴിക്കോട്: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭ ചട്ടങ്ങള്‍ക്കനുസരിച്ച് നടപടി എടുക്കേണ്ടത് സ്പീക്കര്‍ ആണ്. സഭ ടിവി എല്ലാ ഭാഗവും നല്‍കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അപക്വമായ സമീപനമാണ്. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞിരുന്നു. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചീഫ് മാര്‍ഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാര്‍ത്ത തുടര്‍ന്നു. ആശയക്കുഴപ്പം തുടക്കത്തില്‍ ഉണ്ടായി. പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പാസ് ഉള്ളവര്‍ക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ട് ആണ്. അത് അപ്പോള്‍ തന്നെ പരിഹരിച്ചു.
സഭാ നടപടികള്‍ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനല്‍ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും.
ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. സഭാ ടി വി പ്രവര്‍ത്തിക്കുന്നത് ലോക്‌സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണ്. ചോദ്യോത്തര വേളയില്‍ ചാനല്‍ ക്യാമറ അനുവദിക്കില്ല. സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ട പലതും പുറത്തു പോകും.
ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനില്‍ക്കാനാകില്ല. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. പ്രസ് ഗ്യാലറിയില്‍ നിന്ന് പകര്‍ത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഭാ അംഗങ്ങള്‍ സഭയ്ക്കകത്ത് മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *