രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയില്‍ പരോക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പ്രതികളാക്കി പിടികൂടുന്ന സ്ഥിതി പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.എഫ്.ഐയെ അക്രമകാരികളുടെ പ്രസ്ഥാനമായി ചിത്രീകരിക്കാനും ഭീകരവാദസംഘടനയാണെന്ന മട്ടില്‍ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താനുമാണ് ശ്രമം. വയനാട്ടിലെ സജീവപ്രശ്നമെന്ന നിലയിലാണ് ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐയും പ്രകടനത്തിന് തീരുമാനിച്ചത്. സാധാരണഗതിയില്‍ എസ്.എഫ്.ഐ നടത്തുന്ന സമരരീതിയല്ല അവിടെയുണ്ടായത്. ബാഹ്യശക്തികളാരെങ്കിലും നുഴഞ്ഞു കയറിയോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. പ്രശ്നങ്ങളില്‍ എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. എം.പിയുടെ ഓഫീസില്‍ അക്രമം നടന്നതറിഞ്ഞ് ചാനലുകളെത്തുമ്ബോള് ഗാന്ധിജിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് അത് ആര് താഴെയിട്ടു എന്ന് പൊലീസ് കണ്ടെത്തി ഉചിതമായ നടപടിയെടുക്കണം.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നയാള് വയനാട് സമരത്തില്‍ പങ്കെടുത്തെന്ന് ആക്ഷേപം വന്നയുടനെ ഒഴിവാക്കി. അദ്ദേഹം കുറച്ചുകാലമായി മന്ത്രിയുടെ ഓഫീസില്‍ വരുന്നുണ്ടായിരുന്നില്ല. ശരിയായി ജോലിക്ക് വരുന്നില്ലെന്ന് മനസിലാക്കി ഒഴിവാക്കാന്‍ മന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി നേരത്തേ കുറിപ്പ് കൊടുത്തതാണ്. ഇപ്പോഴത്തെ സംഭവവുമായി അതിന് ബന്ധമില്ല.
