ട്രാന്‍സ്‌ജെന്‍ഡറുകളുടെ അഭിപ്രായം കേട്ട് അതിരൂപത; ‘എല്ലാവരെയും ചേര്‍ത്തുപിടിക്കും’; നവീകരണത്തിന്റെ പാതയില്‍ കത്തോലിക്കാ സഭ

കൊച്ചി: റോമില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സിനഡിനു മുന്നോടിയായി ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നടക്കം എല്ലാ വിഭാഗം വിശ്വാസികളില്‍ നിന്നും അഭിപ്രായം തേടി എറണാകുളംഅങ്കമാലി രൂപത. കത്തോലിക്കാ സഭയുടെ സിനഡിനു മുന്നോടിയായി ഇത് ആദ്യമായാണ് പൊതുജനങ്ങളില്‍ നിന്നും സഭ അഭിപ്രായം തേടുന്നത്. യാഥാസ്ഥിതിക നിലപാടുകളില്‍ നിന്നു മാറി സ്ത്രീകള്‍, കുട്ടികള്‍, കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവരില്‍ നിന്നും സഭ അഭിപ്രായം തേടി.
1960ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു പിന്നാലെയാണ് സഭയില്‍ നവീകരണ പ്രവ!ര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിനഡിനു മുന്നോടിയായി ചരിത്രത്തില്‍ ഇത് ആദ്യമായാണ് വിശ്വാസികളില്‍ നിന്നും സഭ അഭിപ്രായം തേടുന്നത്.
‘ഒരു ക്രിസ്ത്യാനിയായ എനിക്ക് ഞായറാഴ്ചകളില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയാത്തതും കുടുംബത്തോടൊപ്പം പള്ളിയിലെ മറ്റ് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതും വേദനാജനകമായ അനുഭവമാണ്.’ സിനഡുമായി ബന്ധപ്പെട്ട് രൂപത സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞു. ‘ജീവിതത്തില്‍ ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ചിന്തിക്കാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടാകില്ല. ഞങ്ങളെ മാറ്റിനിര്‍ത്താതെ വിശ്വാസം പിന്തുടരാന്‍ സഭയില്‍ നിന്നും ഇടപെടല്‍ ഉണ്ടാകണം. ഞങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയണം.’ അവര്‍ പറഞ്ഞു.
നിലവില്‍ സഭാ ശുശ്രൂഷകളില്‍ നിന്നും വീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിന്നുമെല്ലാം ട്രാന്‍സ്‌ജെന്‍ഡറുകള്‍ അകറ്റി നിര്‍ത്തപ്പെടുന്ന സാഹചര്യമാണ്. ട്രാന്‍സ്‌ജെന്‍ഡറുകളാണെങ്കില്‍ പള്ളിയില്‍വെച്ച് വിവാഹം കഴിക്കാനുള്ള സാഹചര്യവുമില്ല. മരണപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പോലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇടുങ്ങിയ കാഴ്ചപ്പാടു മൂലം വ്യക്തിയുടെ വിശ്വാസം അനുസരിച്ചുള്ള സംസ്‌കാരം നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇതിനിടെയാണ് സഭയുടെ പുരോഗമനപരമായ നീക്കം.
‘എല്ലാ വിഭാഗം മനുഷ്യരെയും അംഗീകരിക്കുന്നതില്‍ സഭ ഉറച്ചുനില്‍ക്കുന്നു. നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്. നമ്മുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങള്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കണ്ടത് നമ്മളാണ്. അവരില്‍ പലരും സമൂഹത്തിലെ സ്വീകാര്യത കുറവ് കാരണം വീട് വിട്ടവരാണ്. കുടുംബങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള പിന്തുണയുടെ അഭാവം അവരെ വേദനിപ്പിക്കുകയാണ്.’
‘നാം അവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കുകയും അഭിസംബോധന ചെയ്തുകൊണ്ടുള്ള വലിയ ചുവടുവെയ്പ്പാണിത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പല!ര്‍ക്കും അറിയില്ല.’ എറണാകുളംഅങ്കമാലി രൂപതയുടെ ജീവകാരുണ്യ വിഭാഗമായ സഹൃദയയുടെ ഡയറക്ടര്‍ ഫാ ജോസഫ് കൊളുത്തുവള്ളില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘കുട്ടികളോടും ഞങ്ങള്‍ ച!ര്‍ച്ച നടത്തി. തലമുറകളുടെ വിടവ് കാരണം ഞങ്ങള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് മനസിലാക്കി. വിധവകള്‍, കുടിയേറ്റ തൊഴിലാളികള്‍, ക!ര്‍ഷകര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാ!ര്‍, ഇതര മതസ്ഥര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ റിപ്പോ!ര്‍ട്ട് തയ്യാറാക്കി വത്തിക്കാനിലേക്ക് അയക്കും.’ എറണാകുളം അങ്കമാലി രൂപതയുടെ ഡിനഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്റര്‍ ഫാ മാര്‍ട്ടിന്‍ കല്ലുങ്കല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *