എംപി ഓഫീസ് ആക്രമിച്ച കേസ് ; അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും

എംപി ഓഫിസ് ആക്രമണക്കേസില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ ആരായും.

അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായോ എന്നതും പരിശോധിക്കും. അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി ഇന്ന് യോഗം ചേരും.

എംപി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എഡിജിപിയുടെ നീക്കം. ആക്രമണ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും. സാക്ഷിമൊഴികള്‍ വിലയിരുത്തും. സസ്‌പെന്‍ഷനിലായ കല്‍പ്പറ്റ ഡി വൈ എസ്പിയടക്കം സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ആരായും. തുടര്‍ന്നാകും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം സമരം അക്രമാസക്തമായതിനെ കുറിച്ച്‌ പഠിക്കാന്‍ എസ്‌എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ഇന്ന് ജില്ലയിലെത്തും. സംസ്ഥാന പ്രസിഡന്റ് അനുശ്രീയ്ക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കേസില്‍ റിമാന്‍ഡിലായ സാഹചര്യത്തില്‍ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പുറത്തുള്ളവരില്‍ നിന്ന് വിവരവിവരങ്ങള്‍ തേടും. പ്രധാന ഭാരവാഹികളില്‍ നിന്നടക്കം വിവരം ശേഖരിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *