ജനകീയസര്ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പിയെപ്പോലെ തകര്‍ന്നടിയുമെന്ന് മുന്‍ ധനമന്ത്രി ഡോ.
ടി.എം. തോമസ് ഐസക്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അക്രമസമരങ്ങള്‍ തുറന്നുകാട്ടാന്‍ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടത്തിയ എല്‍.ഡി.എഫ് ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കുംകേട്ട് തുള്ളുന്ന യു.ഡി.എഫിനെയും ബി.ജെ.പിയേയും ജനങ്ങള്‍ തിരിച്ചറിയും. യു.ഡി.എഫിന് സ്വപ്നംപോലും കാണാന്‍ കഴിയാത്ത വികസനമാണ് കേരളത്തില്‍. ഇതോടെ യു.ഡി.എഫ് വെപ്രാളത്തിലായി. അതാണ് അക്രമസമരത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ചത്.
2016ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. ബി.ജെ.പി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് രാഷ്ട്രീയവിരോധം കൊണ്ടാണെന്നും തോമസ് ഐസക് പറഞ്ഞു.
നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് അധ്യക്ഷത വഹിച്ചു.
