ജയ്പുര്‍: തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജസ്ഥാനില്‍ കനത്ത ജാഗ്രത.
സംസ്ഥാനത്തുടനീളം ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരു മാസത്തേക്ക് ആള്‍ക്കൂട്ട പരിപാടികളെല്ലാം നിരോധിച്ചു.
ഉദയ്പൂരില്‍ സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ധാന്‍ മണ്ഡി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യ ലാലിനെ തയ്യല്‍ കടയില്‍ കയറി രണ്ടുപേര്‍ വെട്ടിക്കൊന്നത്. ഇതിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വിവാദ പോസ്റ്റുകള്‍ പങ്കിട്ടതിന് കഴിഞ്ഞ 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി ഹവാ സിങ് ഘൂമരിയ പറഞ്ഞു.
15നാണ് ഇദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിനിടെ തനിക്ക് പലതവണ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കനയ്യ ലാല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെയും വിവിധ സമുദായ നേതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ചതായും പറയുന്നു. എന്നാല്‍, കനയ്യ ലാലിന്‍റെ പരാതി ഗൗരവത്തിലെടുക്കാത്തതിനാണ് എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതെന്ന് എ.ഡി.ജി.പി അറിയിച്ചു. വിഷയത്തില്‍ ഇടപെട്ടവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
