കാല്‍ഗറി: ചന്ദ്രനും ചൊവ്വയും ഉള്‍പ്പെടെ ഭൂമിയ്ക്ക് വെളിയിലുള്ള ലക്ഷ്യങ്ങള്‍ തേടി പുതുപരീക്ഷണത്തിലാണ് ഗവേഷകര്‍. ഭൂമിയ്ക്ക് വെളിയില്‍ ബഹിരാകാശത്തും ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പല കേന്ദ്രങ്ങളിലും ഗുരുത്വാകര്‍ഷണത്തിലുള്ള കുറവ് വെല്ലുവിളിയാണ്. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുന്നത് മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന കാര്യത്തില്‍ ഇപ്പോഴും ശാസ്ത്രലോകത്തിന് പൂര്‍ണമായ ധാരണയില്ല.
എന്നാല്‍ ബഹിരാകാശത്തെ ദീര്‍ഘകാല താമസം എല്ലുകള്‍ ക്ഷയിക്കാന്‍ കാരണമാകും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. രണ്ട് പതിറ്റാണ്ട് കൊണ്ട് സാധാരണ എല്ലുകള്‍ക്കുണ്ടാകുന്ന തേയ്മാനവും ബലക്കുറവുമാണ് ആറു മാസം ബഹിരാകാശത്ത് താമസം കൊണ്ട് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തല്‍. കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകരായ ലേയ് ഗബേലിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ജൂണ്‍ 30ന് സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
ആറു മാസത്തിലധികം സ്‌പേസ് സ്റ്റേഷനില്‍ താമസിച്ച ശേഷം തിരിച്ചെത്തിയ ബഹിരാകാശ യാത്രികരിലാണ് പരീക്ഷണം നടത്തിയത്. എല്ലുകള്‍ ജീവനുള്ള അവയവമാണെന്നും അവയുടെ ഘടനയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഗവേഷക പറയുന്നു. എന്നാല്‍ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ അസ്ഥികളുടെ ശോഷണത്തിന് ഇടയാക്കും.
14 പുരുഷന്മാരും 3 സ്ത്രീകളും അടക്കം 17 ബഹിരാകാശ സ!ഞ്ചാരികളാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. 47 വയസായിരുന്നു ഇവരുടെ ശരാശരി പ്രായം. 4 മാസം മുതല്‍ ഏഴു മാസം വരെയാണ് ഇവര്‍ ബഹിരാകാശത്തു കഴിഞ്ഞത്. അതീവവ്യക്തതയോടെ എല്ലുകളുടെ ഘടന വ്യക്തമാക്കുന്ന ഹൈ റെസല്യൂഷന്‍ സിടി സ്‌കാനിലൂടെയാണ് ഇവരുടെ എല്ലുകളുടെ ഘടന മനസ്സിലാക്കിയത്. ബഹിരാകാശ സഞ്ചാരത്തിനു മുന്‍പും മടങ്ങിയെത്തിയതിനു തൊട്ടു പിന്നാലെയും പിന്നീട് ആറു മാസത്തിനും ഒരു വര്‍ഷത്തിനും ശേഷവുമാണ് ഇവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. സഞ്ചാരികളുടെ എല്ലുകളുടെ ബലവും സാന്ദ്രതയുമാണ് ഇത്തരത്തില്‍ പരിശോധിച്ചത്.
അതേസമയം, ആറു മാസത്തില്‍ താഴെ സമയം മാത്രം ബഹിരാകാശത്ത് ചെലവഴിച്ചവര്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം എല്ലുകളുടെ ശേഷി പൂര്‍ണതോതില്‍ വീണ്ടെടുക്കാനായെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ കാലയളവില്‍ ബഹിരാകാശത്ത് കഴിഞ്ഞവരുടെ എല്ലുകള്‍ക്ക് സ്ഥിരമായ പ്രശ്‌നങ്ങളാണ് നേരിട്ടത്. കാലുകളിലെ എല്ലുകളില്‍ ഇത് വളരെ പ്രകടമായിരുന്നു. എന്നാല്‍ കൈകളിലെ എല്ലുകളില്‍ വലിയ പ്രശ്‌നങ്ങള്‍ കണ്ടില്ല. ശരീരഭാരം താങ്ങുന്ന എല്ലുകളിലാണ് ബലക്കുറവ് ഉണ്ടായതെന്നു സാരം. ബഹിരാകാശത്ത് ശരീരത്തിന്റെ ഭാരം താങ്ങേണ്ട സാഹചര്യം ഇല്ലായിരുന്നതിനാല്‍ എല്ലുകളുടെ ബലം തനിയെ കുറയുകയായിരുന്നു എന്നാണ് ഗവേഷകരുടെ നിഗമനം.
എന്നാല്‍ ബഹിരാകാശത്തു വെച്ച് വെയ്റ്റ് ലിഫ്റ്റിങ് അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് എല്ലുകളുടെ ശോഷണം തടയാന്‍ സഹായിക്കുമെന്ന് റിപ്പോ!ട്ടില്‍ പറയുന്നു. ദീര്‍ഘകാലം ബഹിരാകാശത്തു കഴിഞ്ഞാല്‍ എല്ലുകളുടെ ആരോഗ്യത്തിന് വലിയ പ്രശ്‌നം നേരിടുമെന്നും ഇത് പഴയ അവസ്ഥയിലെത്താന്‍ ഏറെക്കാലം വേണ്ടിവന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരുമായി രണ്ട് വര്‍ഷത്തോളം നീളുന്ന ചൊവ്വാ ദൗത്യത്തിന് ഉള്‍പ്പെടെ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും ഗവേഷണം ഓ!ര്‍മിപ്പിക്കുന്നു.
