മലപ്പുറം വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങള്‍…

മലപ്പുറം: മലപ്പുറത്ത് മതസൗഹാര്‍ദത്തിന് വീണ്ടും ഒരു ഉദാഹരം കൂടി. വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രമാണ് മത സൗഹാര്‍ദത്തിന്റെ മനം നിറയ്ക്കുന്ന കാഴ്ച പകര്‍ന്നുനല്‍കിയിരിക്കുന്നത്.

ക്ഷേത്രത്തിലെ അന്നദാനത്തിന് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എത്തിയതോടെ നാട് ആനന്ദത്തിലായി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപന ദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്. ദാനങ്ങളില്‍ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങില്‍ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോള്‍ മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന വേദി കൂടിയായി മാറി.

മലപ്പുറം ജില്ലയുടെ പൊതുസ്വഭാവം തന്നെ മത സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രമായാലും പള്ളികളായാലും ചര്‍ച്ചായാലും എല്ലാ വിശ്വാസികളും സഹകരിച്ചാണ് കാര്യങ്ങള്‍ നടത്താറുള്ളത്. ഇവിടെ ഈ ക്ഷേത്രത്തിലും പരസ്പരം സഹകരിച്ചാണ് കാര്യങ്ങള്‍ നടത്താറുള്ളത്.

ഇവിടെ തന്നെ ക്ഷേത്രത്തില്‍ വന്ന് നോക്കുമ്ബോള്‍ ധാരാളം മുസ്ലിങ്ങളെയാണ് കാണാനുള്ളത്. ഇവിടെ അരി കൊടുത്തിരിക്കുന്നത് മുസ്ലിം യൂത്ത് ലീഗാണ്.

കൂടിച്ചേരാനുള്ള അവസരം നമ്മള്‍ നഷ്ടപ്പെടുത്തരുതെന്നും അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്ബോഴാണ് നാം അടുക്കുന്നതെന്നും അകന്ന് പോവുമ്ബോഴാണ് പ്രശ്നങ്ങള്‍ വരുന്നത് എന്നും തങ്ങള്‍ പറഞ്ഞു. ഭക്ഷണത്തിന്റെ രുചി നാവിന്

ആണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകള്‍ക്കാണ്. ആ രുചിയാണ് നാം നിലനിര്‍ത്തേണ്ടത്, സാദിഖലി തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *