കൊച്ചി: ആദ്യ മഴയില്‍ തന്നെ തകരുന്ന റോഡുകള്‍ പശ വെച്ച് ഒട്ടിച്ച് ഉണ്ടാക്കിയതാണോയെന്ന് ഹൈകോടതി. റോഡുകള്‍ തകരുന്നത് കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നതിന് തെളിവാണ്.
കോടതി നിര്‍ദേശങ്ങള്‍ വെറും വാക്കായി കാണാനുള്ളതല്ല, കര്‍ശനമായി നടപ്പാക്കാനുള്ളതാണ്. ഈ സ്ഥിതി പരിതാപകരമാണ്. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ അനുവദിക്കാനാകില്ല. എന്‍ജിനീയര്‍മാരും കരാറുകാരുമാണ് ഇക്കാര്യത്തില്‍ ഉത്തരവാദികളെന്നും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് വ്യക്തമാക്കി.
മഴ ശക്തമായതോടെ കൊച്ചി നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ വിമര്‍ശനം. ഒരോ റോഡുകളുടെയും ഉത്തരവാദിത്തമുള്ള എന്‍ജിനീയര്‍മാര്‍, ബന്ധപ്പെട്ട കരാറുകാര്‍ എന്നിവര്‍ ആരെന്ന് വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി കോര്‍പറേഷനോടും പൊതുമരാമത്ത് വകുപ്പിനോടും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം.
എറണാകുളം സൗത്ത് മേല്‍പാലം റോഡിന്റെ അവസ്ഥ പരാമര്‍ശിക്കവെയാണ് കോടതിയില്‍നിന്ന് ഈ വിമര്‍ശനമുണ്ടായത്. നഗര റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
റോഡുകളുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്കാണെന്ന് മുമ്ബേ പറഞ്ഞിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണം. വീഴ്ച വരുത്തുന്ന എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി മടിക്കില്ല. നഗരത്തിലെ നടപ്പാതകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടായിട്ടില്ല. ഒട്ടേറെ ജീവന്‍ ഇതുമൂലം പൊലിഞ്ഞിട്ടുണ്ട്. സുരക്ഷിതമായി നടപ്പാതകള്‍ സംരക്ഷിക്കാന്‍ പൊലീസും മറ്റ് അധികൃതരും നടപടി സ്വീകരിക്കാത്തതെന്തെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
തൂങ്ങിയാടുന്ന കേബിളുകളും നഗരത്തിലെ മറ്റൊരു ദുരന്ത കാരണമാണ്. ഈയിടെ ഒരാള്‍ മരിക്കുകയും ചെയ്തു. ഇത്തരം കേബിളുകള്‍ നീക്കാത്തതിന് ഉത്തരവാദി കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായിരിക്കുമെന്നും സെക്രട്ടറി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹരജി ജൂലൈ 18ന് പരിഗണിക്കാന്‍ മാറ്റി.
