പരിസ്ഥിതി സംരക്ഷണത്തിന് ഇറാനുമായി സഹകരണ കരാര്‍ ഒപ്പുവെച്ചു

അബൂദബി: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തില്‍ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മര്‍യം അല്‍ മുഹൈരി പങ്കെടുത്തു.

പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതില്‍ പ്രാദേശിക സഹകരണം ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇറാന്‍ പ്രസിഡന്‍റ് ഡോ. ഇബ്രാഹീം റയീസിയുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മന്ത്രിമാരും വിവിധ എന്‍.ജി.ഒകള്‍, അക്കാദമിക് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

ചര്‍ച്ചയില്‍ മലിനീകരണം, ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം എന്നിവ ചെറുക്കുന്നതിന് യു.എ.ഇയുടെ ശ്രമങ്ങളെ അല്‍ മുഹൈരി പരിചയപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച മന്ത്രിതല വട്ടമേശ യോഗത്തിലും അവര്‍ പങ്കെടുത്തു. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുത്തിന് ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് അല്‍ മുഹൈരി യോഗത്തില്‍ അഭിപ്രായപ്പെട്ടു. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുക എന്നത് അടുത്ത തലമുറകളോടുള്ള ധാര്‍മികമായ ബാധ്യതയാണ്. ഇക്കാര്യത്തിലെ വിജയം എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും -അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നത് സംബന്ധിച്ച്‌ ഇറാന്‍ വൈസ് പ്രസിഡന്‍റും പരിസ്ഥിതി വകുപ്പ് മേധാവിയുമായ ഡോ. അലി സലാജീഗുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.

വിദഗ്ധ സന്ദര്‍ശനങ്ങള്‍, സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരണം, മണല്‍-പൊടിക്കാറ്റുകള്‍ സംബന്ധിച്ച്‌ മുന്‍കൂട്ടി അറിയിപ്പ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ കരാര്‍ പ്രകാരം നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി ഇരു കക്ഷികളും സംയുക്ത സെമിനാറുകള്‍, പരിശീലന കോഴ്‌സുകള്‍, മീറ്റിങുകള്‍ എന്നിവയും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *