തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകള്‍ക്കിടയിലും അതിനേക്കാള്‍ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികള്‍ പുതിയ മത്സ്യബന്ധന കാലത്തെ വരവേല്‍ക്കുന്നത്.
52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അര്‍ധരാത്രിയോടെ ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകും. അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടല്‍ കാണുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകള്‍ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. വറുതിക്കാലത്തിനുശേഷം യന്ത്രവല്‍കൃത യാനങ്ങള്‍ വീണ്ടും കടലിലേക്ക് പോകുമ്പോള്‍ തൊഴിലാളികള്‍ ആശങ്കയിലാണ്.
നിലവിലെ ഇന്ധനവിലയില്‍ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകള്‍ ചോദിക്കുന്നു. കടലില്‍ പോകുന്ന ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
അടുത്ത തവണ മുതല്‍ ട്രോളിംഗ് നിരോധനത്തിന്റെ സമയം പുനക്രമീകരിക്കണമെന്നതാണ് ഇവരുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും പരാതിയുണ്ട്.
പരാതികള്‍ പലതുണ്ടെങ്കിലും വീണ്ടുമൊരു ട്രോളിംഗ് കാലം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടേത് തന്നെയാണ്.
