സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢശ്രമമെന്ന് സിപിഎം

തിരുവനന്തപുരം: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാതെയുണ്ടാകുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ദിവസേന പുറത്ത് വരുന്നതിനിടെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന പ്രസ്താവനയുമായി സിപിഎം. തട്ടിപ്പ് വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിക്കുന്ന സിപിഎം, സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുകയാണെന്നും മാധ്യമങ്ങള്‍ സംഘ പരിവാര്‍ അജണ്ടക്ക് കുഴലൂത്ത് നടത്തുകയാണെന്നുമാണ് കുറ്റപ്പെടുത്തുന്നത്. വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകര്‍ക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയതാണെന്നും സഹകരണ ബാങ്കുകളില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായതെന്ന് വ്യക്തമാണ്. പണാപഹരണവും ഗൂഢാലോചനയും സ്വത്ത് കൈവശപ്പെടുത്തലും മുതല്‍ ആത്മഹത്യ പ്രേരണ വരെ നീളുന്ന അന്‍പതോളം കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്. മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീന്‍ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ കരുന്നൂര്‍ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്‌നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎന്‍ വാസവനും ഇടതുമുന്നണി കണ്‍വീനറും വിശദീകരിക്കുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാനെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *