ന്യൂഡല്‍ഹി : വന്യജീവി സങ്കേതങ്ങള്‍, ദേശീയപാര്‍ക്കുകള്‍ എന്നിവയുടെ ബഫര്‍സോണ്‍ സംബന്ധിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.
കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയില്‍ വ്യക്തമാക്കിയതാണിത്. ഉത്തരവിലെ 44(എ), 44(ഇ) എന്നീ ഖണ്ഡികകള്‍ സംബന്ധിച്ചാണ് വിശദീകരണം തേടുന്നതെന്ന് വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. കേരളത്തിലടക്കം ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനും കൊണ്ടുപോകുന്നതിനും തടസ്സമുണ്ടാകില്ലെന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയപാര്‍ക്കുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം പരിസ്ഥിതി ലോലമേഖലയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികള്‍ തടയുന്നതാണ് 44(എ) ഖണ്ഡിക. നേരത്തേ ഇതില്‍ ഉള്‍പ്പെടാതിരുന്ന വന്യജീവി സങ്കേതങ്ങള്‍, ദേശീയ പാര്‍ക്കുകള്‍ എന്നിവയുടെ പരിസ്ഥിതിലോല പ്രദേശത്ത് ആരംഭിച്ച പ്രവൃത്തികള്‍ പ്രത്യേക അനുമതിയോടെ നടത്താന്‍ നിര്‍ദേശിക്കുന്നതാണ് 44(ഇ). കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പോകുന്നതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലും കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള അംഗങ്ങളെല്ലാം പരിസ്ഥിതിലോല മേഖല സംബന്ധിച്ച ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. വന്യമൃഗങ്ങള്‍ കൃഷിക്കാര്‍ക്കുണ്ടാക്കുന്ന നാശങ്ങളും എംപിമാര്‍ ഉന്നയിച്ചു.
ക്ഷുദ്രജീവികളുടെ പട്ടികയില്‍ കാട്ടുപന്നിയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അതതു സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് യുക്തമായ തീരുമാനമെടുക്കാന്‍ നേരത്തേ അനുവാദം നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ അതുപ്രകാരം പത്തിലേറെ കേസുകളില്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നിയെ കൊന്നൊടുക്കുന്നത് ഉണ്ടാക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
നിയമ ഭേദഗതിപ്രകാരം, കൊണ്ടുപോകുന്നതിന് പ്രത്യേക പെര്‍മിറ്റെടുക്കേണ്ട പട്ടികയില്‍ ആനയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും കൈവശമുള്ള ആനകള്‍ക്ക് ബാധകമാവില്ലെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി സംരക്ഷണം സംബന്ധിച്ച ആഗോള ഉടമ്ബടിക്ക് അനുസൃതമായി ഇന്ത്യയില്‍ സംരക്ഷിത വന്യജീവികളുടെ പട്ടികയിലുള്ള മൃഗങ്ങള്‍, ഇഴജന്തുക്കള്‍, ജലജീവികള്‍, പ്രാണികള്‍, പക്ഷികള്‍, സസ്യങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുകയും അവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ സംവിധാനമുണ്ടാക്കുകയും (മാനേജ്മെന്റ് അതോറിറ്റി) ചെയ്യുന്നതാണ് പ്രധാന ഭേദഗതി. കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പെര്‍മിറ്റോടെ മാത്രമേ പട്ടികയിലുള്‍പ്പെട്ടവയുടെ വ്യാപാരം, ഇറക്കുമതി, വളര്‍ത്തല്‍ തുടങ്ങിയവ അനുവദിക്കൂ. മാനേജ്മെന്റ് അതോറിറ്റിക്കു സാങ്കേതിക സഹായത്തിന് ശാസ്ത്രീയ സമിതിയുമുണ്ടാകും. മന്ത്രിയുടെ മറുപടിക്കു ശേഷം ശബ്ദവോട്ടോടെ സഭ ബില്‍ പാസ്സാക്കി. പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി.
