കെഎസ്‌ആര്‍ടിസി : ആസ്തികളും കെടിഡിഎഫ്സി നിര്‍മാണങ്ങളും സര്‍ക്കാര്‍ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി : കെഎസ്‌ആര്‍ടിസിയുടെ ആസ്തികളും കെടിഡിഎഫ്സി നടത്തിയ നിര്‍മാണങ്ങളും സര്‍ക്കാര്‍ ഓഡിറ്റിനു വിധേയമാക്കണമെന്നു ഹൈക്കോടതി.

ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള കെഎസ്‌ആര്‍ടിസിയുടെ വായ്പ എങ്ങനെ തീര്‍പ്പാക്കുമെന്നുള്ള കാര്യത്തിലും ഓഡിറ്റ് കാര്യത്തിലും സര്‍ക്കാരിന്റെ തീരുമാനം അറിയിക്കാന്‍ ഒരു മാസം അനുവദിച്ചു. കെഎസ്‌ആര്‍ടിസിയുടെ ഭാവി ഇരുട്ടിലാണെന്നു പറഞ്ഞ കോടതി, മാനേജ്മെന്റും ജീവനക്കാരും സര്‍ക്കാരും ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് ഓര്‍മപ്പെടുത്തി. സര്‍ക്കാര്‍ സഹായിച്ചാല്‍ 10നകം ശമ്ബളം നല്‍കുമെന്നാണു കെഎസ്‌ആര്‍ടിസി പറയുന്നത്. എത്രകാലം ഇങ്ങനെ ‘സ്പൂണ്‍ ഫീ‍ഡിങ്’ പറ്റും?

പ്രതിമാസം 30 കോടിയിലേറെ ബാങ്ക് കണ്‍സോര്‍ഷ്യത്തിനു വായ്പ അടയ്ക്കണം. സര്‍ക്കാര്‍ നല്‍കുന്ന 30-50 കോടി രൂപ ഈയിനത്തില്‍ ചെലവാകുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. പിടിച്ചു നില്‍ക്കാന്‍ ടിക്കറ്റ് ഇതര വരുമാനവും കൂട്ടണം. കെഎസ്‌ആര്‍ടിസിക്ക് സ്ഥലവും കെട്ടിടങ്ങളും ഓഫിസുകളും ഷോപ്പിങ് കേന്ദ്രങ്ങളുമുണ്ട്. ഇവ പ്രയോജനപ്പെടുത്തി ലാഭമുണ്ടാക്കാന്‍ നോക്കുന്നില്ല. ബാധ്യതയുടെ വലിയ പങ്കും അശാസ്ത്രീയ നിര്‍മാണങ്ങള്‍ മൂലമാണെന്നു കോടതി പറഞ്ഞു. കെടിഡിഎഫ്സി പണിത കെട്ടിടങ്ങള്‍ക്കു നിലവാരം ഇല്ലാത്തതിനാല്‍ ആവശ്യക്കാരില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ സൗജന്യ ടിക്കറ്റ് ഏര്‍പ്പെടുത്തിയ ഇനത്തില്‍ വന്‍തുക സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇതും കെഎസ്‌ആര്‍ടിസി വിശദീകരിക്കണം. സാധാരണ ജീവനക്കാരുടെ ജൂലൈയിലെ ശമ്ബളം ഈ മാസം 10നു മുന്‍പു നല്‍കണം. ജൂണിലെ ശമ്ബളം നല്‍കിത്തുടങ്ങിയെന്നും ഈ മാസം 5നു മുന്‍പ് പൂര്‍ത്തിയാക്കുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചതു രേഖപ്പെടുത്തിയിട്ടുമുണ്ട്.

∙ സര്‍ക്കാരിന് കീഴിലാക്കാനാകില്ല

കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടാനോ സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പ് ആക്കാനോ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി യോഗം വിളിച്ചുകൂട്ടി ചര്‍ച്ചകള്‍ നടത്തിയെന്നും ഉത്പാദനക്ഷമത കൂട്ടാന്‍ ശ്രമം നടക്കുകയാണെന്നും ഗതാഗത വകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ. എസ്. വിജയശ്രീ അറിയിച്ചു. 2022 മാര്‍ച്ച്‌ 31 വരെ കെഎസ്‌ആര്‍ടിസി സര്‍ക്കാരിനു 8532.66 കോടി രൂപ നല്‍കാനുണ്ട്. ലോക്ഡൗണ്‍ ആണു പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. 20-21ല്‍ 1739.86 കോടിയും 21-22ല്‍ 2037.51 കോടി രൂപയും അനുവദിച്ചു.

സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയ്ക്കു വാങ്ങിയ 116 സൂപ്പര്‍ക്ലാസ് ബസുകള്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് കമ്ബനി ഉപയോഗിക്കുന്നുണ്ട്. ഓടിക്കാന്‍ പറ്റാത്ത ബസുകള്‍ മില്‍മ, കുടുംബശ്രീ, മത്സ്യഫെഡ് എന്നവയുമായി ചേര്‍ന്ന് ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. പ്രതിവര്‍ഷം ബജറ്റില്‍ അനുവദിക്കുന്ന 1000 കോടി രൂപയില്‍ കോര്‍പറേഷന്റെ ചെലവു പരിമിതപ്പെടുത്തണം. വരുമാനം ഉണ്ടാക്കാനാണു കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് കമ്ബനി രൂപീകരിച്ചത്. കോര്‍പറേഷനെ 3 മേഖലകളാക്കി തിരിച്ചു. പ്രതിദിനവരുമാനം 8 കോടി ആക്കാനാണു ശ്രമം. പക്ഷേ, പരിഷ്കാരങ്ങളോടു ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ആരോപിച്ചു.

യൂണിയനു കോടതിയുടെ വിമര്‍ശനം

മാനേജ്മെന്റ് നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളോടു മുഖം തിരിച്ചു നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. കോര്‍പറേഷന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഒറ്റ ബസ് പോലും വെറുതെയിടാനാവില്ലെന്നും ജീവനക്കാര്‍ സഹകരിക്കാതെ തരമില്ലെന്നും കോടതി പറഞ്ഞു. യൂണിയനുകള്‍ ഇപ്പോഴും സമരപാതയിലാണെന്നു സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുണ്ട്. 700 ബസുകള്‍ ഓടിക്കാതെ ഇട്ടിരിക്കുകയാണെന്ന കെഎസ്‌ആര്‍ടിസിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണു കോടതി ഇക്കാര്യം പറ‍ഞ്ഞത്.

ജോലി ചെയ്യുന്നതു ശമ്ബളത്തിനു വേണ്ടി മാത്രമാകരുതെന്നു പറഞ്ഞ കോടതി, ജീവനക്കാരായ ഗിരി ഗോപിനാഥന്‍ – താര ദമ്ബതികളുടെ മാതൃക ചൂണ്ടിക്കാട്ടി. ഹരിപ്പാട് ഡിപ്പോയില്‍ ജീവനക്കാരായ ഇവര്‍ ട്രിപ്പ് തുടങ്ങുംമുന്‍പ് ബസ് വൃത്തിയാക്കി അലങ്കരിച്ചു കൊണ്ടുനടക്കുന്ന കാര്യം കോടതി പരാമര്‍ശിച്ചു. സര്‍വീസ്‌യോഗ്യമായ ബസുകള്‍ എല്ലാം നിരത്തിലിറക്കാന്‍ ജീവനക്കാര്‍ സഹകരിക്കണം. പരമാവധി ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കണം. പ്രതിദിന ടിക്കറ്റ് വരുമാനം 8 കോടി രൂപയാക്കണം. ബസ്- ജീവനക്കാരുടെ അനുപാതം ഇവിടെ കൂടുതലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്പാദനക്ഷമത കൂട്ടിയില്ലെങ്കില്‍ ഗ്രാന്റ് നല്‍കാനാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *