കല്‍പ്പറ്റ: വയനാട് ചുരം റോഡ് വഴിയുള്ള യാത്ര ദുഷ്ക്കരമായി. ഓണം കഴിഞ്ഞെങ്കിലും താമരശ്ശേരി ചുരത്തിലെ തിരക്കു കുറയാത്തതിനാല്‍ മണിക്കൂറുകളോളം ചുരം റോഡില്‍ ഗതാഗതകുരുക്കാണ്.
അടിവാരം മുതല്‍ ലക്കിടി വരെ നീളുന്നതാണ് ഗതാഗതക്കുരുക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ടാണ് ഒരു പരിധിവരെ ഗതാഗത കുരുക്ക് അഴിക്കാന്‍ കഴിയുന്നത്. ചുരം മേഖലയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ചരക്ക് ലോറികളാണ് ഏറെയും തടസ്സക്കാരായി മാറുന്നത്. ഇതിന് മുമ്ബൊന്നും കാണാത്ത തരത്തിലാണ് ചുരം റോഡിലെ വാഹനങ്ങളുടെ നീണ്ട നിര. വലിയ വാഹനങ്ങള്‍ക്കിടയിലൂടെ കാറുകള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ മറികടന്ന് കയറുന്നതും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വയനാട് ജില്ലാ മെഡിക്കല്‍ കോളേജില്‍ നിന്ന് ഉള്‍പ്പെടെ ജില്ലയിലെ ആശുപത്രികളില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റും അത്യാസന്ന രോഗികളെയും കൊണ്ട് വരുന്ന ആംബുലന്‍സുകളും ചുരത്തില്‍ കുടുങ്ങുന്നത് നിത്യ സംഭവമാവുകയാണ്.
താമരശ്ശേരിചുരം റോഡ് വഴിയുളള യാത്ര എന്നും തലവേദനയായി മാറിയിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരത്തെ ഒന്നരമണിക്കൂര്‍ കൊണ്ട് എത്താന്‍ പറ്റിയിരുന്നെങ്കില്‍ ഇപ്പോഴത് മൂന്നും നാലും മണിക്കൂറിലേറെ വേണം. ചിലപ്പോള്‍ അതിലും കൂടും. പത്ത്-പന്ത്രണ്ട് ടയറുള്ള ലോറികള്‍ ഇടയില്‍പ്പെട്ടാല്‍ മൂന്ന് നാല് മണിക്കൂറുകള്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയാണ്. ചരക്ക് ലോറികള്‍ ഉള്‍പ്പെടെ വലിയ ലോറികള്‍ രാത്രി 12 മണിക്കുശേഷം മാത്രമേ ഓടിക്കാന്‍ പാടുള്ളുവെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ചുരം മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത മഴയും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട് ഓണത്തിന് മുമ്ബും ശേഷവും വന്‍ ജനപ്രവാഹമാണ് വയനാട്ടിലേക്ക്. ചുരം മേഖലയില്‍ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
