കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു.
കേരള നിയമസഭയുടെ 24–ാമത് സ്പീക്കറായാണ് എ എന്‍ ഷംസീര്‍ ചുമതലയേറ്റത്. ആര് ശങ്കരനാരായണന് തമ്ബിയായിരുന്നു ആദ്യ സ്പീക്കര്‍. വക്കം പുരുഷോത്തമനും, തേറമ്ബില്‍ രാമകൃഷ്ണനും രണ്ടുതവണ സ്പീക്കറായി. ഡെപ്യുട്ടി സ്പീക്കര്‍മാരായിരുന്ന എ നബീസത്ത് ബീവി, ആര് എസ് ഉണ്ണി, കെ എം ഹംസകുഞ്ഞ്, കെ നാരായണ കുറുപ്പ്, എന്‍ സുന്ദരന്‍ നാടാന് എന്നിവര്‍ കുറച്ചുകാലത്തേയ്ക്ക് സ്പീക്കറുടെ ചുമതല വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് അഡ്വ എ എന്‍ ഷംസീര്‍ പൊതുരംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രണ്ണന്‍കോളേജില്‍ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്ബസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് എല്‍എല്‍ബിയും എല്‍എല്‍എമ്മും പൂര്‍ത്തിയാക്കിയത്.
സമരമുഖങ്ങളില്‍ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എന്‍ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായി. കള്ളക്കേസില്‍ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ല്‍ ധര്‍മടം വെള്ളൊഴുക്കില്‍വെച്ച് ആര്‍എസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാര്‍ കാന്‍സര്‍സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ കണ്ണീരൊപ്പാന്‍ രൂപീകരിച്ച ആശ്രയചാരിറ്റബിള്‍ സൊസൈറ്റിവര്‍ക്കിങ്ങ് ചെയര്‍മാനാണ്.
2016 ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ല്‍ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തില്‍ ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകന്. ഭാര്യ: ഡോ. പി എം സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് ലക്ചര്‍). മകന്: ഇസാന്.
