കോഴിക്കോട്: അനധികൃത സ്വത്തുസമ്ബാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി കോടതിയില്‍.
പിടിച്ചെടുത്ത പണം തിരികെ നല്കിയാല് കേസിനെ ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം പത്തിനു പരിഗണിക്കുന്നതിനു കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു.
ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണു വിജിലന്‍സ് ഇത്രയും തുക പിടിച്ചെടുത്തിരുന്നത്. 2013-ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണു പരാതി. സിപിഎം നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കടുവന്‍ പദ്മനാഭന്റെ പരാതിയില്‍ 2020 ജനുവരിയിലാണു വിജിലന്‍സ് കോഴക്കേസ് ചാര്‍ജ് ചെയ്തത്.
ഷാജിക്ക് 1.47 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നു കണ്ടെത്തിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിലും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഷാജിയുടെ 2011 മുതല്‍ 2020 വരെയുള്ള എല്ലാ ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിച്ചിരുന്നു. എന്നാല്‍ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടിലേക്കു വന്നതാണെന്നും തന്റെ പക്കല്‍ ഇതിന്റെ കൗണ്ടര്‍ ഫോയില്‍ ഉണ്ടെന്നും ഷാജി വ്യക്തമാക്കിയിരുന്നു.
