കേരളം കത്തുമ്ബോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി, രാഹുല്‍ ഗാന്ധി കണ്ടെയ്‌നറില്‍ ഉറങ്ങി -വി മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച്‌ പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിന് സംസ്ഥാന സര്‍ക്കാരും പോലീസും ഒത്താശ ചെയ്തുവെന്ന് കേന്ദ്രമന്ത്രി വി.

മുരളീധരന്‍. ഇന്നലെ അക്രമം നടക്കുമ്ബോള്‍ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൊച്ചിയില്‍ ചെണ്ട കൊട്ടുകയായിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കാന്‍ നടക്കുന്ന രാഹുല്‍ ഗാന്ധി ഇന്നലെ ചാലക്കുടിയില്‍ കണ്ടെയ്‌നറില്‍ ഉറങ്ങി -മുരളീധരന്‍ പറഞ്ഞു.

ഹര്‍ത്താല്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അഴിഞ്ഞാടാന്‍ അവസരം ഒരുക്കി. ഈ അക്രമങ്ങളൊക്കെ നടക്കുമ്ബോള്‍ മുഖ്യമന്ത്രിക്ക് നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. റോം കത്തിയെരിയുമ്ബോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം കത്തിയെരിയുമ്ബോള്‍ മുഖ്യമന്ത്രി കൊച്ചിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു. അക്രമങ്ങള്‍ തടയാതെ പോലീസ് മേധാവിയും കൊക്കൂണ്‍ സമ്മേളനം ആസ്വദിച്ചു. -സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരളപോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതു ചൂണ്ടിക്കാണിച്ച്‌ മുരളീധരന്‍ പറഞ്ഞു.

അക്രമികളെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ പൊലീസ് ഈ സമീപനം സ്വീകരിക്കുമോ? കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം കൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. സി.പി.എമ്മും കോണ്‍ഗ്രസും ഇസ്‍ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുകയാണ്. അക്രമത്തിനെതിരെ ബി.ജെ.പി രംഗത്തുവരും. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *