ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം അപ്രതീക്ഷിത നീക്കങ്ങള്‍. അശോക് ഗഹ്ലോതിലേക്കും പിന്നീട് ദിഗ് വിജയ് സിങിലേക്കും ചെന്നെത്തിയ ഔദ്യോഗിക പരിവേഷത്തോടെയുള്ള സ്ഥാനാര്‍ഥിത്വം അന്തിമ ഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്ഗെയിലേക്കെത്തി. നെഹ്റു കുടുംബവുമായി അടുത്ത് നില്ക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം ഖാര്‍ഗെയ്ക്ക് പിന്നില്‍ അണി നിരന്നു. എന്നാല്‍ അപ്രതീക്ഷിതമായി ജി23 നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയതാണ് ശ്രദ്ധേയം. ജി23 യുടെ സ്ഥാനാര്‍ഥിയായി ശശി തരൂരിനെയാണ് ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ താന്‍ ജി23 ന്റെ സ്ഥാനാര്‍ഥിയല്ലെന്ന് തരൂര്‍ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഖാര്‍ഗെ എത്തിയപ്പോള്‍ ജി23 നേതാക്കളും പ്രത്യക്ഷപ്പെട്ടു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് നാമനിര്‍ദേശ പത്രികയില്‍ ജി23 നേതാക്കള്‍ ഒന്നടങ്കം ഒപ്പുവെച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എ.കെ.ആന്റണി, അശോക് ഗഹ്ലോത്, അംബിക സോണി, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ, മനു അഭിഷേക് സിങ്വി, അജയ് മാക്കന്, ഭൂപീന്ദര്‍ സിങ് ഹൂഡ, ദിഗ് വിജയ് സിങ്, താരിഖ് അന്‍വന്‍, സല്മാന് ഖുര്‍ഷിദ്, പൃഥിരാജ് ചവാന്, അഖിലേഷ് പി.ഡി.സങ്, ദീപേന്ദര്‍ സിങ് ഹൂഡ, നാരായണ്‍സ്വാമി, വി.വൈദ്യലിംഗം, പ്രമോദ് തിവാരി, പി.എല്‍.പുനിയ,അവിനാഷ് പാണ്ഡെ, രാജീവ് ശുക്ല, സയിദ് നസീര്‍ ഹുസൈന്, രഘുവിര്‍ സിങ് മീണ, ധീരജ് പ്രസാദ് സാഹു, കമലേശ്വര് പട്ടേല്‍, മൂല്‍ചന്ദ് മീണ, സഞ്ജയ് കപൂര്‍, വിനീത് പുനിയ തുടങ്ങി 30 നേതാക്കളാണ് ഖാര്‍ഗെയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ശശി തരൂരാണ് ആദ്യം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക നല്‍കിയത്. തൊട്ടുപിന്നാലെ ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്കി. അശോക് ഗഹ് ലോതിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ അണി നിരനന്നത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയ ദിഗ്വിജയ് സിങും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഖാര്‍ഗെയെ താന്‍ നേരില്‍ കണ്ടിരുന്നുവെന്നും സ്ഥാനാര്‍ഥിയാകാന്‍ താല്പര്യമുണ്ടെങ്കില് താന്‍ പിന്‍വാങ്ങാമെന്ന് അറിയിച്ചിരുന്നതായും ദിഗ്വിജയ് സിങ് പ്രതികരിച്ചു. എന്നാല്‍ താന്‍ അത്തരമൊരു നീക്കത്തിനില്ലെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നത്. ഇന്നാണ് അദ്ദേഹം തീരുമാനം മാറ്റിയത്. തന്നേക്കാള്‍ മുതിര്‍ന്ന നേതാവാണ് ഖാര്‍ഗെ. അതുകൊണ്ട് തന്നെ താന്‍ പിന്‍വാങ്ങുന്നുവെന്നും ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം തങ്ങളോട് ആലോചിക്കാതെ തരൂര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതാണ് ജി23 നേതാക്കളെ ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരക്കാനിടയാക്കിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഗഹ് ലോതിന്റെ വസതി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളാണ് ഖാര്‍ഗെയെ സ്ഥാനാര്‍ഥിയാക്കുന്നതിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
ജി23 നേതാക്കളും ആനന്ദ് ശര്‍മയുടെ വീട്ടില്‍ സംഗമിച്ചിരുന്നു. ഇവരുടെ പിന്തുണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഖാര്‍ഗെ സ്ഥാനാര്‍ഥിത്വത്തിന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.കെ.ആന്റണിയുടെ പിന്തുണ കൂടി വന്നതോടെ നെഹ്റു കുടുംബത്തിന്റെ സ്ഥാനാര്‍ഥി ഖാര്ഗെയാകുമെന്ന് ഉറപ്പായി.
തരൂരിനേയും ഖാര്‍ഗെയേയും കൂടാതെ ജാര്‍ഖണ്ഡ് മുന്‍ മന്ത്രിയായ കെ.എന്‍.ത്രിപാഠിയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിത്വത്തിനായി പത്രിക നല്‍കിയിട്ടുണ്ട്.
