മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വീര പരിവേഷം നല്‍കരുത്, വിവരം നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്ബയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്ബയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരിക്കു വേണ്ടി പുതിയ രീതികള്‍ കണ്ടെത്തുന്ന നിലയാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകള്‍ക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. അതുകൊണ്ട് ഓരോ വിഭാഗവും അവരുടെ നേതൃത്വത്തില്‍ പൊതു ക്യമ്ബയിന്റെ ഭാഗമാവണം. നല്ല തോതില്‍ ജനങ്ങളെ അണിനിരത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സവിശേഷ ദിവസങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകരണം. വിവിധ ക്ലാസുകള്‍, സണ്‍ഡേ സ്‌കൂളുകള്‍, മദ്രസ, ഇതര ധാര്‍മ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഹരി വിരുദ്ധ ആശയങ്ങള്‍ പകര്‍ന്നു നല്‍കണം. നാടിന്റെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമാക്കാന്‍ ഒരു ഭേദചിന്തയുമില്ലാതെ എല്ലാവരും ഒരുമിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകളില്‍ ആവശ്യമായ കൗണ്‍സിലര്‍മാരെ നിയമിക്കും. അധ്യാപകരില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്താനും ശ്രമിക്കണം. എതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടു എന്ന് കണ്ടാല്‍ മറച്ചു വയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കണം. വിദ്യാര്‍ത്ഥി-യുവജന സംഘടനകളെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ നല്ലരീതിയില്‍ ഭാഗഭാക്കാക്കും. ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ വ്യാപകമാക്കും.

ലഹരിക്കെതിരെ പ്രാദേശികമായി വിവരം നല്‍കുന്നവര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. അവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വീര പരിവേഷം നല്‍കുന്ന നില ഒരു കലാരൂപത്തിലും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മത-സാമുദായിക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *