കോല്‍ക്കത്ത: കഴിഞ്ഞ ദിവസം ബംഗാള്‍ തലസ്ഥാനമായ കോല്‍ക്കത്തയില്‍ നിന്നും അറസ്റ്റിലായ രണ്ടു മലയാളികള്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ഇരുവരും ഐഎസ് റിക്രൂട്ട്മെന്റിലെ പ്രധാന കണ്ണികളാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ആയുധങ്ങള്‍ വാങ്ങാനായി കോല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈയില്‍ നിന്നും പണവും തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും രാജ്യാന്തര ബന്ധത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം തുടങ്ങി. അതേസമയം തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെ കേസ് എന്‍ഐഎ ഏറ്റെടുത്തേയ്ക്കും.
ഇവരെ ചോദ്യം ചെയ്യുന്നതിനായി വിട്ടുതരണമെന്ന് കേരള പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി കേസുകളില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സ്പെഷല്‍ ബ്രാഞ്ചും ബംഗാള്‍ പോലീസും ഇരുവരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെയും ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്.
കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇയാളെ അടുത്ത ദിവസം കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരും അറസ്റ്റിലായത്. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ മലയാളികളാണെന്ന് വ്യക്തമായത്.
