എട്ടാംക്ലാസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 107 വര്‍ഷം തടവും പിഴയും

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് തടവ് ശിക്ഷ വിധിച്ച്‌ കോടതി.

107 വര്‍ഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയുമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 5 വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും പോക്‌സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ഉത്തരവിട്ടു.

കുമ്ബഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ വിധിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വന്തം വീട്ടില്‍ താമസിച്ചുവരവേയാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച്‌ വീട് വിട്ടുപോയിരുന്നു. 2020 കാലയളവില്‍ പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനത്തിനിടയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്ബ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തിരുന്നു. നിലവിളിച്ചു കൊണ്ട് പെണ്‍കുട്ടി അയല്‍ വീട്ടില്‍ അഭയം പ്രാപിച്ച്‌ ഒരു രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അദ്ധ്യാപികമാര്‍ കാര്യം അന്വേഷിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച കോടതി ഇന്ത്യന്‍ പീനല്‍ കോഡിലെ 376 ലെ വിവിധ ഉപവകുപ്പുകള്‍ , പോക്‌സോ ആക്‌ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകള്‍ 75 ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം 107 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു എങ്കിലും ചിലവകുപ്പുകളിലെ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന ഉത്തരവുള്ളതിനാല്‍ പ്രതി 67 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും . പിഴ തുക പെണ്‍കുട്ടിയ്‌ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *