ദമ്മാം: നിയമക്കുരുക്കുകള്‍ അഴിച്ചു ആറു വര്‍ഷത്തെ പ്രവാസജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ മറികടന്നു നാട്ടിലേയ്ക്ക് മടങ്ങാന്‍ തമിഴ്നാട് സ്വദേശിനിയ്ക്ക് ഇന്ത്യന്‍ എംബസിയും നവയുഗം സാംസ്കാരികവേദിയും തുണയായി.
തമിഴ്നാട് സ്വദേശിനിയായ മദീന ബീവിയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ആറു വര്‍ഷം മുന്‍പാണ് മദീന ബീവി റിയാദിലെ സൗദി സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ സ്പോണ്‍സര്‍ അവര്‍ക്ക് ഇഖാമ എടുത്തു കൊടുക്കുകയോ, ശന്പളം സമയത്തു നല്‍കുകയോ ചെയ്തില്ല. ശന്പളകുടിശിക ഒരു വര്‍ഷത്തിലധികമായപ്പോള്‍ ഗതികെട്ട് അവര്‍ ആ വീട്ടില്‍ നിന്നും ഒളിച്ചോടി, റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
എംബസി ഷെല്‍ട്ടറില്‍ രണ്ടു മാസം കിടന്നെങ്കിലും മദീനയുടെ കാര്യത്തില്‍ പരിഹാരം ഉണ്ടായില്ല. ഇഖാമ എടുത്തിട്ടില്ലാത്തതിനാലും, ഹുറൂബ് അല്ലാത്തത് കൊണ്ടും ഫൈനല്‍ എക്സിറ്റ് ലഭിയ്ക്കുന്നതില്‍ നിയമതടസം നേരിട്ടു.
തുടര്‍ന്ന് ഇന്ത്യന്‍ എംബസി നവയുഗം വൈസ് പ്രസിഡന്‍റും, ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, മദീനയ്ക്ക് ദമ്മാമില്‍ ഫൈനല്‍ എക്സിറ്റ് കിട്ടാനുള്ള ശ്രമം നടത്താന്‍ ആവശ്യപ്പെട്ടു. മഞ്ജുവിന്‍റെ നിര്‍ദ്ദേശമനുസരിച്ചു എംബസി മദീനയെ ദമ്മാമിലേയ്ക്ക് അയച്ചു. മഞ്ജു മദീനയെ പോലീസില്‍ കൊണ്ട് പോയി റിപ്പോര്‍ട്ട് ചെയ്തശേഷം, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി. രണ്ടു മാസം നീണ്ട നിരന്തര പരിശ്രമങ്ങള്‍ക്ക് ഒടുവില്‍, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ മദീനയ്ക്ക് ഫൈനല്‍ എക്സിറ്റ് കിട്ടുകയും, തുടര്‍ന്ന് ഇന്ത്യന്‍ എംബസി അവര്‍ക്ക് വിമാന ടിക്കറ്റ് എടുത്തു നല്‍കി. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മദീന നാട്ടിലേയ്ക്ക് മടങ്ങി.
