ന്യൂഡല്‍ഹി
ജഡ്ജിമാരുടെ സ്ഥലംമാറ്റ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് താക്കീത് നല്കി സുപ്രീംകോടതി.
‘ഹൈക്കോടതി ജഡ്ജി സ്ഥലംമാറ്റത്തില്‍ സെപ്തംബറിലും നവംബറിലുമായി 10 ശുപാര്‍ശ കൈമാറി. കേന്ദ്രം ഇനിയും തീരുമാനമെടുക്കാത്തത് തെറ്റായ സന്ദേശം നല്കുന്നു. കാലതാമസം കൊളീജിയത്തിന് അംഗീകരിക്കാനാകില്ല. അതീവഗുരുതരമായ വിഷയമാണിത്. കടുത്ത നടപടിയെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. അത് നിങ്ങള്‍ക്ക് ഒട്ടും രുചിച്ചെന്നുവരില്ല’–- ജസ്റ്റിസ് സഞ്ജയ് കിഷന്‍കൗള്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്കി. പത്തു ദിവസത്തിനകം സ്ഥലംമാറ്റ ഉത്തരവിറക്കണമെന്നും നിര്‍ദേശിച്ചു.
‘അഞ്ച് ജഡ്ജിമാരെ ഉടന്‍ നിയമിക്കും’
സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെ ഞായറാഴ്ചയ്ക്കുള്ളില്‍ അഞ്ച് ജഡ്ജിനിയമനത്തില്‍ ഉത്തരവിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. ഡിസംബര്‍ 13ന് നല്കിയ ശുപാര്‍ശയില്‍ രണ്ടുമാസത്തോളമായി കേന്ദ്രം അടയിരിക്കുകയാണ്. വിഷയം പരിഗണിക്കെ അറ്റോര്‍ണി ജനറല്‍ ആര് വെങ്കടരമണിയെ ജസ്റ്റിസ് സഞ്ജയ് കിഷന്‍കൗള്‍ നിര്‍ത്തിപ്പൊരിച്ചു. ‘‘ഇന്ന് ശരിയാകും നാളെ ശരിയാകുമെന്ന് കേട്ട് മടുത്തു. എത്ര ദിവസത്തിനകം ഉത്തരവിറക്കുമെന്ന് കൃത്യമായി പറയണം. അക്കാര്യം കോടതിക്ക് ഉത്തരവില്‍ രേഖപ്പെടുത്തണം’’–- ജഡ്ജി ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ നിയമന ഉത്തരവ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും ഞായറാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നും അതോടെ എജിക്ക് ഉറപ്പുനല്‍കേണ്ടി വന്നു.
