ക്ഷേത്രം ട്രസ്റ്റി നിയമനം : ഹൈക്കോടതി വിധി പ്രധാനമന്ത്രിക്കും ബാധകം : എം വി ഗോവിന്ദന്‍

ക്ഷേത്രം ട്രസ്റ്റികളായി രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരെ നിയോഗിക്കരുതെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ .

സിപിഐ എം നിലപാടും ഇതുതന്നെയാണ്. ഈ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബാധകമാണ്. ബാബ്റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള കമ്മിറ്റിയുടെ ട്രസ്റ്റിയാണ് മോദി. ക്ഷേത്രം വിശ്വാസികളുടേതുമാത്രമാണ്. അവിടെ ആര്‍എസ്‌എസ്, ബിജെപി, കോണ്‍ഗ്രസ്, സിപിഐ എം പ്രവര്‍ത്തകരൊന്നും ട്രസ്റ്റികളാകേണ്ടതില്ലെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്‌എസ്സും നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നതിന്റെ ജാള്യത്തിലാണ് ആര്‍എസ്‌എസ്സുമായി സിപിഐ എം രഹസ്യചര്‍ച്ച നടത്തിയെന്ന പ്രചാരണം. കണ്ണൂരിലും മറ്റിടങ്ങളിലുമുണ്ടായിരുന്ന രാഷ്ട്രീയസംഘര്‍ഷം ഇല്ലാതാക്കാന്‍ നിരവധി തവണ സര്‍വകക്ഷിയോഗവും ഉഭയകക്ഷി ചര്‍ച്ചയും നടന്നിട്ടുണ്ട്. ആ ചര്‍ച്ചയ്ക്കുശേഷം വലിയതോതില്‍ സംഘര്‍ഷം കുറഞ്ഞു. ഈ ചര്‍ച്ചയോടെ ആര്‍എസ്‌എസ്സുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നില്ലെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അസംബന്ധമാണ്. അതിനുശേഷവും ആര്‍എസ്‌എസ്സുകാരും കോണ്‍ഗ്രസുകാരും സിപിഐ എം പ്രവര്‍ത്തകരെ ഇല്ലാതാക്കിയിട്ടുണ്ട്. സിപിഐ എം സംയമനം പാലിക്കുന്നതിനാലാണ് സംഘര്‍ഷമില്ലാത്തത്. ജമാഅത്തെ ഇസ്ലാമിയുമായോ വെല്‍ഫയര്‍ പാര്‍ടിയുമായോ സിപിഐ എം ഇതുവരെ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *