തിരുവനന്തപുരം: മന്ത്രിക്കസേരയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ പി.ജയരാജന്‍ രാജി വെച്ചത് പാര്‍ട്ടിക്ക് വേണ്ടി. സി.പി.എമ്മിന്റെ ശക്തനായ നേതാവായ ജയരാജന്റെ രാജി ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഏറെ ഗുണം ചെയ്യുമെന്നതിനൊപ്പം സി.പി.എമ്മിന്റെ മുന്നോട്ടുള്ള യാത്രകള്‍ക്ക് കരുത്തു പകരുന്നതുമാകും.
നിയമനവിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ സി.പി.എം.നേതൃത്വം പ്രായോഗികമായ നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മാസങ്ങള്‍ക്കകം ഇത്തരമൊരു ആരോപണം ഉയര്‍ന്നതും പ്രതിപക്ഷം അതിനെ മുതലെടുക്കാന്‍ ശ്രമിക്കുന്നതും സി.പി.എം.നേതൃത്വം ഏറെ ഗൗരവമായാണ് കണ്ടത്. സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷത്തിന് മുതലെടുപ്പിന് അവസരം നല്‍കിയാല്‍ അത് വരും നാളുകളില്‍ കൂടുതല്‍ തലവേദനക്ക് ഇടനല്‍കുമെന്നും പാര്‍ട്ടി കണക്കു കൂട്ടി. മാത്രമല്ല, ജയരാജന്റെ രാജി അംഗീകരിച്ചതോടെ പ്രതിപക്ഷത്തിനും ബി.ജെ.പി.ക്കും പുതിയ വെല്ലുവിളികളുയര്‍ത്താനും സി.പി.എമ്മിന് കഴിയും.
ജയരാജന്റെ രാജിതീരുമാനം പുറത്തുവന്നതോടൊപ്പമാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ നിയമനങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ നിയമനങ്ങള്‍ പരിശോധിക്കുന്നതോടെ യു.ഡി.എഫിനെ രാഷ്ട്രീയമായി പ്രതികൂട്ടിലാക്കാന്‍ ഇടതുപക്ഷത്തിനാകും.
ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് ജയരാജനെ പോലുള്ള നേതാവിനെ പാര്‍ട്ടിക്ക് പൂര്‍ണസമയം ലഭിക്കേണ്ട ആവശ്യവും ഇന്ന് നിലവിലുണ്ടെന്നാണ് സി.പി.എം.നേതൃത്വം കരുതുന്നത്.
മന്ത്രി സ്ഥാനത്തുള്ള ജയരാജന് രാഷ്ട്രീയ നിലപാടുകളെടുക്കുന്നതിന് പരിമിതികളുണ്ട്. കണ്ണൂരില്‍ വീണ്ടും ബി.ജെ.പിയുടെ അക്രമരാഷ്ട്രീയം വളര്‍ന്നതോടെ അതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് നേതൃനിരയെ ശക്തമാക്കേണ്ടിതുണ്ട്. ജയരാജന്‍ രാജി വച്ചതോടെ കണ്ണൂരില്‍ പാര്‍ട്ടിയുടെ സംഘശക്തി വര്‍ധിക്കും.
