സാമ്ബത്തിക പ്രതിസന്ധി; ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പണം സമാഹരിച്ച്‌ നിത്യച്ചെലവ് നടത്താൻ സര്‍ക്കാര്‍

സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പണം സമാഹരിച്ച്‌ നിത്യച്ചെലവ് നടത്താൻ സംസ്ഥാന സര്‍ക്കാര്‍.

1700 കോടി രൂപ എടുക്കാനാണ് തീരുമാനം. ഈയാഴ്ചതന്നെ പണം ട്രഷറിയിലെത്തും.

മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 500 കോടിയുമാണ് സമാഹരിക്കുക. ഇത് ട്രഷറിയില്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും.

കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോര്‍പ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാല്‍ അവരും സര്‍ക്കാരിന് പണം നല്‍കിയേക്കും.

ഓണക്കാലത്തെ ചെലവുകളെത്തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈവര്‍ഷം കേന്ദ്രം അനുവദിച്ചതില്‍ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാൻ ശേഷിക്കുന്നത്.

ഓണച്ചെലവുകള്‍ക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ ഒഴിച്ചുള്ള ബില്ലുകള്‍ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയില്‍ നിയന്ത്രണത്തിന് അയവുനല്‍കാൻ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകള്‍ പാസാക്കാൻ ക്ഷേമനിധികളില്‍നിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *