ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വാദം പൂര്‍ത്തിയാക്കി, വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഇരുപതോളം ഹര്‍ജികളില്‍ ആഗസ്ത് രണ്ടുമുതല്‍ 16 ദിവസമാണ് വാദപ്രതിവാദം നടന്നത്. ഡിസംബര്‍ 15ന് വിധി പ്രഖ്യാപനമുണ്ടായേക്കും. 370–-ാം അനുച്ഛേദം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണോയെന്നാണ് കോടതി പ്രധാനമായും പരിഗണിച്ചത്.

സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്താമെന്നും എന്നാല്‍, സംസ്ഥാന പദവിയില്‍ സമയപരിധി പറയാനാവില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജമ്മു കശ്മീരിന്റെ പദവി റദ്ദാക്കി സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോതി വിധി നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *