ശാന്തന്‍പാറ: സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും അമിക്കസ് ക്യൂറിക്കുമെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ നടത്തിയ ആരോപണങ്ങളിലും പരാമര്‍ശങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി.

പാര്‍ട്ടി ഓഫീസിന്‍റെ നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരേയുള്ള കോടതിയലക്ഷ്യക്കേസും മൂന്നാറിലെ അനധികൃത നിര്‍മാണം തടയണമെന്ന ഹര്‍ജികളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്.

കോടതി നിര്‍ദേശമനുസരിച്ചാണ് ജില്ലാ കളക്ടറും അമിക്കസ് ക്യൂറിയും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടത്. ഇരുവര്‍ക്കുമെതിരേ സീനിയര്‍ നേതാക്കള്‍ പത്രസമ്മേളനം വിളിച്ചു പ്രതികരിക്കുന്നതെന്തിനാണ്? ഇതു തുടര്‍ന്നാല്‍ കോടതി നടപടികളിലുള്ള ഇടപെടലായി കാണേണ്ടി വരും. നിങ്ങള്‍ക്കു പറയാനുള്ളത് രേഖാമൂലം കോടതിയില്‍ പറയാം. കോടതിയുടെ ഉത്തരവില്‍ തെറ്റുണ്ടെങ്കില്‍ അക്കാര്യവും ചൂണ്ടിക്കാട്ടാം.

കോടതിയലക്ഷ്യ ഹര്‍ജിയെ നിയമാനുസൃതമായി എതിര്‍ക്കാനും അപ്പീല്‍ നല്‍കാനും റിവ്യൂ നല്‍കാനുമൊക്കെ, കഴിയുമെന്നിരിക്കെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കളക്ടര്‍ക്കെതിരേ പറഞ്ഞിട്ട് എന്തു കാര്യമെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കോടതി ഉന്നയിച്ച വിഷയം കക്ഷിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പരസ്യപ്രസ്താവന ഇനിയുണ്ടാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *