രാഹുലിന്റെ എം.പി സ്ഥാനം: സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീകോടതിയില്‍ ഹര്‍ജി.

ലക്‌നൗവിലെ അഭിഭാഷകനായ അശോക് പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. ഒരിക്കല്‍ അയോഗ്യനായാല്‍ ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും പ്രകാരം മേല്‍ക്കോടതി വെറുതെ വിടുന്നത് വരെ അയോഗ്യത തുടരുമെന്നാണ് ഹര്‍ജിയിലെ വാദം.

മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി കുറ്രക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി വിധി ആഗസ്റ്റ് നാലിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഏഴിന് വയനാട് എം.പി സ്ഥാനം പുനഃസ്ഥാപിച്ച്‌ ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. മാനനഷ്ടക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച സാഹചര്യത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റിന് പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാൻ അധികാരമില്ലെന്നും നടപടി റദ്ദുചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *