പത്മജയെ വിമര്‍ശിക്കുന്നത് മുൻപ് ബിജെപിയുമായി ചര്‍ച്ച നടത്തിയവര്‍’: ബിന്ദു കൃഷ്ണക്കെതിരെ കെ. സുരേന്ദ്രന്റെ ഒളിയമ്ബ്

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നതിനെ വിമർശിക്കുന്ന പലരും, മുൻപ് ബിജെപിയില്‍ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെയായിരുന്നു സുരേന്ദ്രന്റെ ഒളിയമ്ബ്. പത്മജയുടെ ഭർത്താവിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതില്‍ ഭയന്നാണ് അവർ ബിജെപിയിലേക്ക് പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്, ഈ വിമർശനം ഉന്നയിക്കുന്നവർ മുൻപ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രൻ വെളിപ്പെടുത്തിയത്.

”ഇ ഡിയെ കണ്ട് ഭയന്നിട്ടാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യതയ്ക്ക് അനുസരിച്ച്‌ ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകള്‍ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ്.

കോണ്‍ഗ്രസിനെ വഞ്ചിച്ച്‌ ബിജെപിയില്‍ പോയി എന്നൊക്കെ ചിലർ പറയുന്നതുകേട്ടു. കോണ്‍ഗ്രസിനെ വഞ്ചിച്ച്‌ സിപിഎമ്മിന്റെ പാളയത്തില്‍ പോയവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. മൂന്നു പാർട്ടികളുടെ പ്രസിഡന്റായിരുന്ന ഒരാള്‍ കേരളത്തില്‍ വേറെയില്ല. ബിജെപിയിലേക്ക് ആരെങ്കിലും വന്നാല്‍ അവർക്ക് അപ്പോള്‍ കുഴപ്പമുണ്ടാവുകയാണ്. സിപിഎമ്മിലേക്ക് പോയാല്‍ കുഴപ്പമില്ല. അതാണ് കോണ്‍ഗ്രസ് തകരാൻ കാരണം”- കെ മുരളീധരന്‌റെ വിമർശനങ്ങള്‍ക്ക് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.

”ബിജെപിയില്‍ പത്മജ ഉള്‍പ്പെടെ എല്ലാവരും ചേരുന്നത് ഉപാധികളില്ലാതെയാണ്. ധാരാളം ആളുകള്‍ നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടരായി എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയില്‍ ചേരുകയാണ്. കേരളത്തിലും നിരവധി ആളുകള്‍, മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ തന്നെ ബിജെപിയില്‍ ചേർന്നു. ഇപ്പോള്‍ കേരളത്തിന്റെ ലീഡർ കെ കരുണാകരന്റെ മകള്‍ തന്നെ അത്തരത്തില്‍ തീരുമാനമെടുക്കുന്നു.

ഇതെല്ലാം തന്നെ കാണിക്കുന്നത് കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചിരിക്കുന്നു. കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും എന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. യഥാർത്ഥത്തില്‍ ഇവിടെ സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയേയും നേരിടാൻ ഇനി ബിജെപിയും എൻഡിഎയും മാത്രമേ അവശേഷിക്കുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്” – സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *